ഹോസ്പിറ്റൽ മുറിയിൽ ഓക്സിജൻ മാസ്കിന്റെയും ട്യുബ്സിന്റെയും സഹായത്തോടെ തന്റെ കഴിഞ്ഞ കാലത്തിലെ നിമിഷങ്ങൾ സ്വപ്നം കണ്ടുറങ്ങുന്ന മനോജ്.ആ സ്വപ്നങ്ങളിലെ നായിക,അയാളുടെ ഭാര്യ മാളു,അയാളുടെ അടുത്തു തന്നെ ഇരിപ്പുണ്ട്.അയാളുടെ മകൻ അരവിന്ദും ഭാര്യ ജ്യോതിയും ഉച്ച ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലാണു.അപ്പോഴാണു ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടതു.അരവിന്ദ് ഡോർ തുറന്നു കണ്ടതു നഴ്സ്സിനെ ആയിരുന്നു.
“ഡോക്ടർ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു”
അരവിന്ദ് ജ്യോതിയെ ഒന്നു നോക്കി.ജ്യോതി പാത്രങ്ങൾ ഒക്കെ തിരികെ വച്ചിട്ടു അമ്മയോട് ഇപ്പൊ വരാം എന്നു പറഞ്ഞു അരവിന്ദിനൊപ്പം പുറത്തേക്കു ഇറങ്ങി.മാളു അവർ പോകുന്നതു നോക്കി ഇരുന്നു.അവർ പോയതും മാളു മനോജിന്റെ മുഖത്തേക്കു ഒന്നു കൂടി നോക്കി.എന്നിട്ടു പതിയെ എഴുന്നേറ്റു മനോജിനു ഒപ്പം കിടന്നു.എന്നും കിടക്കുന്നതു പോലെ തല മനോജിന്റെ നെഞ്ചോട് ചേർത്താണു അപ്പോഴും മാളു കിടന്നതു.ഇക്കാലമത്രെയും അവർ ഇങ്ങനെ കിടന്നാണു അവരുടെ സ്വപ്നങ്ങൾ എല്ലാം കണ്ടതു.മനോജ് കാണുന്ന സ്വപ്നങ്ങൾ തനിക്കും കാണെണം എന്നു തോന്നിയിട്ടാകും ഇന്നും മാളു അങ്ങനെ കിടന്നതു.
************************************************************************************************************************************************************************
“ആരെ? മാളുനെയാ? നിന്റെ തലയ്ക്കു ഓളം ആണോടാ? ഇവിടെ ഇത്രയും പെൺക്കുട്ടികൾ ഉണ്ടായിട്ടും നിനക്കു വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ?“
”മാളുവാ? നീ വല്ല പെൺക്കുട്ടിയെയും പ്രേമിക്കാൻ നോക്കു.അതു പെണ്ണു ഒന്നും അല്ല.“
”ഏതു? ആ അഹങ്കാരിയാ? എടാ അതു നിന്റെ കൈയ്യിൽ ഒന്നും ഒതുങ്ങില്ല.നീ ഇങ്ങോട്ടു വിളിച്ചാൽ അതു അങ്ങോട്ടു പോകും.അങ്ങനത്തെ ടൈപ്പ് ആണു.“
സുഹൃത്തുക്കളുടെ ഈ വാചകങ്ങൾ മനോജ് രണ്ടു ചെവിയും മൂടി ആയിരിക്കെണം കേട്ടതു.അല്ലെങ്കിൽ മാളുവിന്റെ വെളുത്ത് മെലിഞ്ഞ രൂപവും,എപ്പോഴും നെറ്റിയിൽ ഉള്ള കുങ്കുമക്കുറിയും,ഹൈ-സ്കൂൾ ടീച്ചർമാരുടെ മുഖത്തു കാണുന്ന പോലെയുള്ള കണ്ണടയും അവനെ അത്രയധികം സ്വാധീനിചിട്ടുണ്ടാകണം.അവളോടുള്ള ഇഷ്ടം ദിനം പ്രതി കൂടുകയല്ലാതെ ഒരു തെല്ലിട പോലും കുറഞ്ഞില്ല.
”അല്ല എനിക്കു മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ,ഒരാളെ കണ്ട ഉടനെ ഇത്രയൊക്കെ ഇഷ്ടം ഉണ്ടാകുമോ?“
മനോജ് ഒന്നു ചിരിച്ചിട്ടു പറഞ്ഞു ”ഉണ്ടാകും,ഇതിനെ ആണു കവികൾ വാഴ്ത്തിപ്പാടിയ ആദ്യ കാഴ്ചയിലെ പ്രണയം എന്ന് വിശേഷിപ്പിക്കുന്നതു“
”ഏതു കവി?“
”അ..മ്മ്..അങ്ങനെ ഇന്ന കവി എന്നൊന്നും ഇല്ല.ഏതേലും കവി പാടിയിട്ടുണ്ടാകുമല്ലോ“
”നീ പുള്ളിക്കാരിയോട് കാര്യം പറഞ്ഞോ എന്നിട്ടു?“
മനോജിന്റെ കണ്ണു പുറത്തേക്കു തള്ളി വന്നു ”ഉയ്യോ…എനിക്കു പേടിയാ“
”ഛീ..എന്തിനാടാ ഇത്ര പേടിക്കുന്നേ അതിനു?“
”അല്ല,അവൾ എങ്ങാനും എടുത്തടിച്ച പോലേ ഇഷ്ടമല്ല എന്ന് പറഞ്ഞാലോ,അതോടെ തീരില്ലെ എല്ലാം?“
”ആഹ്,അതു ശരിയാ.ഇതാകുമ്പോൾ തുടങ്ങാതെ തന്നെ എല്ലാം തീർന്നോളും…എവിടുന്നു വരുന്നെടാ നീയൊക്കെ“
അങ്ങനെ ആ സുഹ്രുത്തിന്റെ നിർബന്ധപ്രകാരം മനോജ് അന്നു തന്നെ മാളുവിനോട് തന്റെ ഇഷ്ടം തുറന്നു പറയാൻ ചെന്നു.ആ ഡേറ്റ് ഇന്നും അയാൾക്ക് ഓർമ്മയുണ്ടാകും.ജുലൈ 23.
”മാളു…“
മാളു മനോജിനെ നോക്കി.ദഹിപ്പികുന്ന ഒരു നോട്ടം.ഒരു നിമിഷത്തേക്ക് ഒന്നു പതറിയെങ്കിലും,ആത്മവിശ്വാസം വീണ്ടെടുത്തു മനോജ് പറഞ്ഞു ”എനിക്കു ഇയാളെ ഇഷ്ടമാണു.കല്ല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്“. അവിടെ ആകെ ഒരു നിശ്ശ്ബ്ദത പരന്നു.മാളുവിന്റെ കൂട്ടുകാരികൾ പരസ്പരം പകച്ചു നോക്കി.മാളുവിന്റെ നോട്ടത്തിലെ ദഹനത്തിന്റെ ശക്തി കൂടുന്നതായി മനോജിനു അനുഭവപ്പെട്ടു.ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്നു തോന്നിയിട്ടാകണം മറുപടിക്കു പോലും നില്ക്കാതെ ”അപ്പൊ ശരി,ഞാൻ പോട്ടേ“ എന്നും പറഞ്ഞു മനോജ് അവിടുന്നു പോയതു.
”എന്തായി പറഞ്ഞോ?“
”ഉം…പറഞ്ഞു“
”ഹാവൂ…സമാധാനം…എന്നിട്ടു പുള്ളിക്കാരി എന്തു പറഞ്ഞു?“
”ഒന്നും പറഞ്ഞില്ല,ചുമ്മാ എന്നെ നോക്കി ഇരുന്നു“
”മറുപടി എന്താ എന്ന് ചോദിക്കേണ്ടിയിരുന്നില്ലേടാ മണ്ടാ“
”അതിന്റെ ആവശ്യം ഉണ്ടായിരുന്നു എന്നു തോന്നിയില്ല.പുള്ളിക്കാരി നല്ല അനുരാഗ പരവശയായിട്ടാ എന്നെ നോക്കിയതു.ആ നോട്ടത്തിൽ തന്നെ എല്ലാ ഉത്തരങ്ങളും ഉണ്ടായിരുന്നു.“
”പുള്ളിക്കാരി എങ്ങനെ നോക്കിയിരുന്നു എന്നാ പറഞ്ഞേ?“
“അനുരാഗ പരവശയായിട്ടു”
“ഉം…മാളു…അനുരാഗ പരവശയായിട്ടു…അല്ലേ…പോയി മറുപടി എന്താന്നു ചോദിച്ചിട്ടു വാടാ”
മുൻപു പോയതിനെക്കാളും ഭയത്തോടെ ആണു മനോജ് ഈ പ്രാവശ്യം മാളുവിന്റെ മുന്നിൽ ചെന്നതു.“ അതു പിന്നെ…ഞാൻ നേരത്തെ പറഞ്ഞ കാര്യത്തിന്റെ മറുപടി ഒന്നും പറഞ്ഞില്ല”.മുൻപത്തെ പോലെ ഒരു നിശ്ശബ്ദത പിന്നെയും അവിടെ പരന്നു.മാളു മുൻപത്തേ അതേ നോട്ടം ഒന്നൂടെ നോക്കി എന്നിട്ടു പറഞ്ഞു “താല്പര്യം ഇല്ല ഇപ്പൊ”.
സന്തോഷത്തിന്റെ കൊടുമുടിയിലേറി ആണു മനോജ് തിരിച്ചു വന്നതു.
“എന്തായി എന്തായി?”
മനോജ് 100 വാട്ട് പുഞ്ചിരിയോടെ പറഞ്ഞു “പുള്ളിക്കാരിക്കു ഇപ്പൊ താല്പര്യം ഇല്ലാ എന്നു”.
“അതിനാണോ നീ ഇത്രയും സന്തോഷിക്കുന്നെ?”
“എടാ ഇപ്പൊ താല്പര്യം ഇല്ലാ എന്നു.എന്നു വച്ചാൽ ഭാവിയിൽ താല്പര്യം ഉണ്ടായേക്കാം എന്നു”.
“ഓഹോ അങ്ങനെ…അപ്പൊ കാര്യങ്ങൾ ഒക്കെ ഏകദേശം ശരിയായി എന്നർത്ഥം.അങ്ങനെ മാളുവിനു മനോജിനെ ഇഷ്ടമായേ….”
ആ വാചകങ്ങൾ കോളേജിൽ കാട്ടുതീ പോലെ പടർന്നു.അതു മാളുവിന്റെ ചെവിയിൽ എത്തിയപ്പോൾ,ആ ചെറിയ വാചകങ്ങളിൽ നിന്നും മാറി,കുറേ ഉപകഥകളും ചെറുകഥകളും ചേർന്ന ഒരു വല്ല്യ നോവൽ ആയി മാറിയിരുന്നു.എത്ര വല്ല്യ കാട്ടുതീയെയും കെടുത്താൻ കെല്പ്പുള്ള ഒരു കൊടുങ്കാറ്റായി മാളു അന്നു മനോജിനോട് പൊട്ടിതെറിച്ചതു ക്ലാസ്സിലെ എല്ലാരും കണ്ടു.
“ഞാൻ എപ്പൊഴാ ഇയാളോട് എനിക്കു ഇയാളെ ഇഷ്ടമാണു എന്നു പറഞ്ഞെ? നമ്മൾ എപ്പൊഴാ ഒരുമിച്ചു സിനിമയ്ക്കു പോയതു? എപ്പൊഴാ നമ്മൾ ബീച്ചിൽ കറങ്ങാൻ പോയെ?ഇതു പോലെ വേറെ എന്തൊക്കെ ഇയാൾ എന്നെ പറ്റി പറഞ്ഞിട്ടുണ്ടു എല്ലാരോടും?ഇനി എന്നെ പറ്റി ഇതു പോലെ അനാവശ്യം പറഞ്ഞു നടന്നാൽ…..എനിക്കു ഇയാളെ ഇഷ്ടമല്ല,ഇഷ്ടപ്പെടാൻ ഒട്ടും താല്പര്യവും ഇല്ല.വെറുപ്പാണു ഇയാളെ കാണുന്നതു തന്നെ.“
കാറ്റും കോളും കഴിഞ്ഞു അന്തരീക്ഷം ശാന്തമായപ്പോൽ മ്നോജിന്റെ കണ്ണിൽ ചെറിയ നനവു അനുഭവപെട്ടു.അവനു പറയാൻ ഉള്ളതു അംഗീകരിക്കാനോ കേൾക്കാനോ നില്ക്കാതെ മാളു അവിടുന്നു പോയി.ക്ലാസ്സ് മുഴുവനും മനോജിനെ തന്നെ നോക്കി നിന്നു.ചെയ്യാത്ത കുറ്റം അടിച്ചേല്പിച്ച ഒരാളുടെ നിസ്സഹായതെയും സഹതാപവും എല്ലാം ആ മുഖത്തുണ്ടായിരുന്നു.
”ഞാൻ അങ്ങനെ ഒന്നും ആരോടും പറഞ്ഞിട്ടില്ലെടാ“.
”അതു എനിക്ക് അറിയാമല്ലോ നീ അങ്ങനെയൊന്നും പറയില്ല എന്നു.നിന്നോട് അന്നേ ഞാൻ പറഞ്ഞതല്ലെ,അതു നിന്റെ കൈയ്യിൽ ഒന്നും ഒതുങ്ങുന്ന പെണ്ണല്ലാ എന്നു.കേട്ടോ നീ എന്നിട്ടു? ഇപ്പൊ എന്തായി ക്ലാസ്സിലെ എല്ലാരുടെയും മുന്നിൽ വച്ചു നീ നാണം കെട്ടില്ലെ“.
”അപ്പോൾ അവൾക്കു ഉണ്ടായ നാണക്കേടോ?“
”അവൾക്കെന്തു നാണക്കേടുണ്ടായി?“
”അവൾ എന്റെ ഒപ്പം അങ്ങനെയൊക്കെ കറങ്ങാൻ വന്നു എന്നു എല്ലാരും വിചാരിചിരിക്കുവല്ലെ.ആ നാണക്കേടിൽ നിന്നു ഉണ്ടായ ദേഷ്യമാണു അവൾ ഇന്നു അവിടെ വന്നു തീർത്തതു.അതിനു അവളെ കുറ്റം പറയാൻ പറ്റില്ല.“
”അതിനു അങ്ങനെ ഒന്നും ഇവിടെ ഉണ്ടായില്ലലൊ.“
”ഇല്ല.ശരിയാ.നീ തന്നെ ആലോചിക്കു,ഇപ്പൊ നിന്നെ പറ്റി ആരേലും ഇതു പോലെ എന്തേലും കഥകൾ ഇറക്കിയാൽ നിനക്കു അയാളോട് ദേഷ്യം വരില്ലെ.അത്രെയേ അവൾക്കും ഉണ്ടായുള്ളു.“
”പക്ഷേ നീ അങ്ങനെ ചെയ്തില്ലലൊ“
”അതു അവൾക്കു അറിയില്ല്ലലൊ“
”ഇത്രയൊക്കെ ആയിട്ടും നീ പിന്നെയും എന്തിനാ അവളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നെ എന്നാ ഞാൻ ആലോചിക്കുന്നെ“
”എനിക്കു അവളെ ഇഷ്ടമാണു.ഈ ഭൂമിയിൽ എനിക്കെന്റെ അമ്മ കഴിഞ്ഞാൽ അവളാണു അടുത്തതു.അവളെ ഇഷ്ടപ്പെടാതെ ഇരിക്കാൻ ഒരു കാരണം എങ്കിലും നിനക്കു പറയാൻ ആകുമോ?“
”ആയിരം കാരണങ്ങൾ പറയാൻ ആകും.“
”ഒരെണ്ണത്തിനു പോലും അവ്ളോടുള്ള എന്റെ ഇഷ്ടത്തെ കുറയ്ക്കാൻ ആവില്ല“
മനോജിന്റെ കണ്ണു നിറയുന്നതു അവൻ ശ്രദ്ധിച്ചു.
”നീ എന്തിനാടാ അതിനു കരയുന്നെ ഇപ്പൊ?“
”എനിക്കു അവളെ നഷ്ടപ്പെടുന്നതു താങ്ങാനാവില്ലെടാ.കല്ല്യാണം കഴിഞ്ഞു എന്നും അവളെയും കൊണ്ടു ഞങ്ങളുടെ അമ്പലത്തിൽ തൊഴാൻ പോണം.എന്നും ഒരു പത്തു മിനിറ്റെങ്കിലും അവളുടെ തോളിൽ തല ചാരി ഇരിക്കെണം.അവ്ളുടെ മുടിയിൽ തലോടി അവളെയും നെഞ്ചോട് ചേർത്തു അവളുടെ ചൂടും പറ്റി കിടക്കെണം.ആ കണ്ണുകളെ തഴുകണം.മുന്നോട്ട് എടുക്കുന്ന ഏതു ചുവടും അവളുടെ കൈ പിടിച്ചു ആകണം.അമ്മയെ സ്നേഹിക്കുന്നതു പോലെ അവളെ സ്നേഹിക്കണം.അച്ഛ്ൻ സംരക്ഷിക്കുന്ന പോലെ അവളെ സംരക്ഷിക്കണം.ചേട്ടനോട് വഴക്കുണ്ടാക്കുന്ന പോലെ അവളോട് വഴക്കുണ്ടാക്കണം,എന്നിട്ടു എന്റെ തെറ്റുകളോട് ഞാൻ തന്നെ ക്ഷമിക്കുന്നതു പോലെ അവളോടും ക്ഷമിക്കണം.എന്നിൽ നിന്നു അവൾക്കു ലഭിക്കുന്ന സ്നേഹവും സന്തോഷവും എല്ലാം അവൾക്കു എപ്പോഴും ഒരു ആദ്യാനുഭവം ആകാൻ ശ്രദ്ധിക്കെണം എന്നൊക്കെ ഞാൻ കുറേ ആഗ്രഹിച്ചതാടാ.“
മനോജ് കണ്ണു ഒന്നു തുടച്ചു.
”അവളെന്തിനാ സത്യാവസ്ഥ അന്വേഷിക്കാതെ എന്നോട് ദേഷ്യപെട്ടെ?“
”അതോ,അതു ആ പെണ്ണിന്റെ സ്വഭാവം അങ്ങനെ ആണു.നീ ഇപ്പൊ ഇത്രക്കു വിഷമിക്കാൻ ഉള്ളതൊന്നും ഇവിടെ ഉണ്ടായില്ലല്ലോ“
”ഇല്ലേ? അവൾക്കെന്നെ ഇഷ്ടമല്ല എന്നു പറഞ്ഞതു നീ കേട്ടില്ലെ,വെറുപ്പാണു എന്നു പറഞ്ഞതു കേട്ടില്ലേ“
”അങ്ങനെ പറഞ്ഞാൽ അതിന്റെ അർത്ഥം ഇഷ്ടമല്ല എന്നാണോ?“
”പിന്നല്ലാതെ?“
”ശ്ശോ…നിന്നെക്കൊണ്ടു തോറ്റു…ഒരു പ്രാവശ്യം അവൾ അങ്ങനെ പറഞ്ഞു എന്നു വച്ചു നീ ഇങ്ങനെ വിഷമിക്കാതെ.ഒന്നൂടെ ഒന്നു ശ്രമിച്ചു നോക്കു.എന്നാ അവളുടെ പിറന്നാൾ?അറിയോ?“
”മെയ് 28 ആണെന്നു തോന്നുന്നു…എന്തേ?“
”അന്നു ഒന്നൂടെ ശ്രമിച്ചു നോക്കാം.പുള്ളിക്കാരിക്കു എന്തേലും കിടിലൻ പിറന്നാൾ സമ്മാനവും കൊടുത്തിട്ടു ഒന്നൂടെ പറഞ്ഞു നോക്കൂ.ചിലപ്പോൾ അന്നു മനസ്സ് മാറിയാലോ“
മനോജ് കുറച്ചു നേരം ആലോചിച്ചു.”അതു കൊള്ളാം പക്ഷെ എന്തു വാങ്ങി കൊടുക്കും?“
”കുറുച്ചു മുന്നേ നീ പറഞ്ഞില്ലെ,നിന്നിൽ നിന്നു ലഭിക്കുന്ന എല്ലാം പുള്ളിക്കാരിക്കു ഒരു ആദ്യാനുഭവം ആയിരിക്കണം എന്നു.അതു പോലെ എന്തേലും ഒന്നു.അതിപ്പോൾ പുള്ളിക്കാരി ഒരുപാട് ആഗ്രഹിക്കുന്ന എന്തേലും ആണേൽ കുറച്ചു കൂടി നന്നായിരിക്കും“.
”അങ്ങനെ ഒന്നു എന്താണു എന്നു എങ്ങനാ ഇപ്പൊ അറിയുക?“
”അതു നമുക്കു ആളുടെ കൂട്ടുകാരികൾ ആരോടെങ്കിലും ചോദിക്കാം“
അങ്ങനെ മനോജ് മാളുവിന്റെ കൂട്ടുകാരികളോട് ഒക്കെ ചെന്നു അങ്ങനെ ഒരു വസ്തുവിനെ പറ്റി ആരാഞ്ഞു.മിക്കവർക്കും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു.‘പാർക്കർ വെക്ടർ’.അന്നു വിപണിയിൽ ലഭിക്കാവുന്നതിൽ വച്ചു ഏറ്റവും വില കൂടിയ പേന.അതു ഒരെണ്ണം വാങ്ങാൻ പറ്റിയിരുന്നു എങ്കിൽ എന്നു മാളു പലപ്പോഴും പറയാറുണ്ട് എന്നു കൂട്ടുകാരികൾ പറഞ്ഞു.
തന്നെക്കൊണ്ടു കൂട്ടിയാൽ കൂടില്ലാ എന്നു അറിഞ്ഞിട്ടും മനോജ് ആ പേന വാങ്ങാൻ തീരുമാനിച്ചു.എങ്ങനെയൊക്കെയൊ പൈസ ഒപ്പിച്ചു മനോജ് ആ പേന വാങ്ങി,പിറന്നാൾ ദിവസം മാളുവിനു കൊടുത്തു.ഒപ്പം ഒരു കത്തും.മാളു അതു തുറന്നു വായിച്ചു.
”ഇത്രയും ഭംഗി ഉള്ള ഭൂമിയെ സൃഷ്ടിക്കാൻ ദൈവത്തിനു വെറും ആറു ദിവസമേ വേണ്ടി വന്നുള്ളു.നിന്നെ പോലെ ഒരു സൗന്ദര്യത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു വർഷങ്ങൾ വേണ്ടി വന്നു.അതു കൊണ്ട് തന്നെ നിന്നെ ഞാൻ എന്നും സ്നേഹിക്കും,കടലാസ്സിനെ ഈ പേന സ്നേഹിക്കുന്ന പോലെ,നീ ഈ പേനയെ സ്നേഹിക്കുന്ന പോലെ,നിന്നെ ഞാൻ സ്നേഹിക്കുന്ന പോലെ…….“
കത്തു വായിച്ചു കഴിഞ്ഞതും മാളുവിന്റെ മുഖം ചുവന്നു.കത്തു വലിച്ചെറിഞ്ഞു മനോജിനോട് ദേഷ്യപ്പെടാൻ ഒരുങ്ങിയ മാളു ഓർത്തില്ല,കത്തു പിടിച്ചിരുന്ന അതെ കൈയ്യിൽ ആയിരുന്നു ആ പേനയും പിടിച്ചിരുന്നതു എന്നു.പേന നിലത്തു വീണു,ചെറിയ ഒരു പൊട്ടൽ ഉണ്ടായി.ഒരു നിമിഷത്തേക്കു അവിടെ നിന്ന എല്ലാരും സ്തബ്ധരായിപ്പോയി.മാളുവിനും വാക്കുകൾ നഷ്ടമായി.
ആ പേന വാങ്ങാൻ പെട്ട കഷ്ട്ടപാടുകൾ ആയിരിക്കും അപ്പോൾ മനോജിനെക്കൊണ്ടു മാളുവിന്റെ മുഖത്തേക്കു നിസ്സഹായതയുടെ ആ നോട്ടം നോക്കിപ്പിച്ചതു.അവനു അതു അത്രയ്ക്കു വിഷമം ഉണ്ടാക്കി.അവൻ ഒന്നും മിണ്ടാതെ ആ പേന എടുത്തു കൊണ്ടു അവിടുന്നു പോയി.പുറമേ കാട്ടിയില്ലെങ്കിലും മാളുവിനും നല്ല വിഷമം ഉണ്ടായി.ആങ്ങനെ ചെയ്യണം എന്നു വിചാരിച്ചേ ഇല്ല,അറിയാതെ പറ്റി പോയതാണു.മാളുവിന്റെ സുഹ്രുത്തുക്കൾക്കു ഇതു കണ്ട് നല്ല ദേഷ്യം വന്നു.
“നീ ഇപ്പൊ ഈ ചെയ്തതു തീരെ ശരിയായില്ല”.
“ആ പേനയുടെ വില എത്രയാ എന്നു നിനക്കു നല്ലോണം അറിയാലൊ,എന്നിട്ടും അതു വലിച്ചെറിഞ്ഞതു കുറച്ചു കൂടുതൽ ആയി പോയി.”
“ഇത്രയും വില കൂടിയ പേന വാങ്ങണം എങ്കിൽ എത്രത്തോളം അവൻ കഷ്ട്ടപ്പെട്ടു കാണും എന്നെങ്കിലും നിനക്കു അതു വലിച്ചെറിയുന്നതിനു മുന്നേ ഒന്നു ആലോചിക്കാമായിരുന്നു.”
സുഹ്രുത്തുക്കളുടെ ഈ വാക്കുകൾ മാളുവിന്റെ ഉള്ളിൽ നല്ല ആഴത്തിൽ പതിഞ്ഞു.അവളുടെ മനസ്സിൽ ഒരു കുറ്റബോധം വളർന്നു.ഒപ്പം മനോജിനോട് ഒരു സഹാനുഭൂതിയും.
ഒരു സഹാനുഭൂതി…..
************************************************************************************************************************************************************************
അരവിന്ദും ജ്യോതിയും ഡോക്ടറുടെ റൂമിൽ എത്തി.ഡോക്ടർ അവർക്കു വേണ്ടി കാത്തിരിക്കുവായിരുന്നു.
“ആഹ്,കം,പ്ലീസ് സിറ്റ്”
അരവിന്ദും ജ്യോതിയും ഇരുന്നു.ഡോക്ടർ ഒന്നു മുന്നോട്ട് ഇരുന്നു.
“സീ മിസ്റ്റർ അരവിന്ദ്,സീരിയസ് ആയി ഡിസിഷൻ എടുക്കേണ്ട ഒരു കാര്യം പറയാനാ വിളിപ്പിച്ചതു.നിങ്ങളുടെ അച്ഛൻ ഇപ്പൊ ഉള്ള സ്റ്റേറ്റിൽ ആയിട്ടു രണ്ടു ആഴ്ച്ചയിലേറെ ആയി.ഇതു വരെ ആയിട്ട് ഒരു ഡെവലപ്പ്മെന്റും ആളു കാണിച്ചിട്ടില്ല.സോ ഐ ഹോപ്പ്…” ഡോക്ടർ ഒന്നു നിർത്തി,അരവിന്ദ് ചെറിയ ഒരു ഭയത്തോടെ ഡോക്ടറെ ഒന്നു നോക്കി.“…ഇറ്റ്സ് ബെറ്റർ ടു ഗിവ് അപ്പ്”
തിരികെ റൂമിലേക്ക് നടക്കുമ്പോൾ അരവിന്ദിന്റെ മുഖത്തു ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.റൂമിന്റെ ഡോറിന്റെ മുന്നിൽ എത്തിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.ജ്യോതി അരവിന്ദിനെ കെട്ടിപിടിച്ചു,എന്നിട്ടു കണ്ണുകൾ തുടച്ചു കൊടുത്തു.റൂം തുറന്നു അകത്തേക്ക് കേറിയ അവർ അച്ഛന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന അമ്മയെ കണ്ടു ഒരു നിമിഷം ഒന്നു നിന്നു പോയി.ജ്യോതി അരവിന്ദിനെ നോക്കി.അരവിന്ദിന്റെ കണ്ണുകൾ പിന്നെയും നിറയുന്നതു കണ്ട ജ്യോതി അയാളെ വാഷ് ബേസിന്റെ അടുത്തേക്കു മാറ്റി നിർത്തി.
“ആരവിന്ദ്,പ്ലീസ്…”
അരവിന്ദ് ആ വാഷ് ബേസിനിൽ നിന്നും മുഖം കഴുകി.ഡോർ തുറന്നിരുന്നതു കൊണ്ടു നഴ്സ് റൂമിനു അകത്തേക്ക് വന്നു.മാളു മനോജിനു ഒപ്പം കിടക്കുന്നതു കണ്ടിട്ടാകണം അവരുടെ മുഖത്തു വിഷാദത്തിൽ കലർന്ന ഒരു പുഞ്ചിരി വന്നതു.അച്ഛന്റെയും അമ്മയുടെയും ഉറക്കം നഷ്ടപ്പെടേണ്ട എന്നു ഓർത്തിട്ടാകും ജ്യോതി പതിഞ്ഞ സ്വരത്തിൽ നഴ്സ്സിനോട് ചോദിച്ചതു.“എന്താ?”
നഴ്സ്സും അങ്ങനെ തന്നെ മറുപടി പറഞ്ഞു “ ഡോക്ടർ ഈ കൺസെന്റ് ഫോം സൈൻ ചെയ്തു വാങ്ങാൻ പറഞ്ഞു.”ജ്യോതി അരവിന്ദിനോട് കാര്യം പറഞ്ഞു.അരവിന്ദ് വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ആ ഫോം വാങ്ങി എന്നിട്ട് ജ്യോതിയോട് ഒരു പേന ആവശ്യപ്പെട്ടു.ജ്യോതി ഒരു പേനയ്ക്കായി അവിടെ കുറച്ചൊന്നു പരതി.എന്നിട്ടു അമ്മയുടെ ബാഗിൽ നിന്നും ഒരു പേന എടുത്തു കൊടുത്തു.
ചെറിയ പൊട്ടലുകൾ മറയ്ക്കാനെന്നോണം തുണി കഷണങ്ങൾ കൊണ്ടു ചുറ്റിയ ഒരു പഴയ പേന.
എന്നോ ഒരിക്കൽ മനോജ് കണ്ട സ്വപ്നങ്ങൾക്കു ജീവൻ നല്കിയ പേന,ഇന്നു അയാളുടെ ജീവൻ എടുക്കാനായി വിധിക്കപ്പെട്ടിരിക്കുന്നതും അതേ പേന.
എന്നോ ഒരിക്കൽ അയാളുടെ സ്വപ്നങ്ങളിലേക്കു മാളുവിനെ ചേർത്തു വച്ച പേന,ഇന്നു അയാളുടെ സ്വപ്നങ്ങളിൽ നിന്നു മാളുവിനെ വേർപെടുത്താൻ പോകുന്നതും,അതേ പഴയ പേന….
entammo monne kiddu kikiddu
the finest of all creations you have ever created
no words to describe it
the first half is little bit boaring but second half and climax punch superb
excelnt for short film
konnalodaaa 🙂
Good one. Reads like a play. You probably had a film running in your head before you decided to put it on paper. Good work. Keep writing. (It is too early to say whether this is your best. Let me read your other stories and then comment about it).
Thanks a looooooooooooooooooooott sis 🙂
എന്തോ ഒന്ന് കൊളുത്തി വലിച്ചു. വളരെ നന്നായി.
Thanks brother 🙂