കാർ ഓടിക്കാനോ ബൈക്ക് ഓടിക്കാനോ എനിക്കറിയില്ല.അതൊക്കെ പഠിക്കണം എനിക്കു തോന്നിയിട്ടുമില്ല.അതെന്താ പഠിക്കാത്തെ എന്നു ചോദിക്കുന്നവരോട് ഞാൻ പല കാരണങ്ങളും പറയാറുണ്ടു.അതിൽ എപ്പോഴും ഞാൻ എടുത്തു പറയുന്ന ഒരു കാരണം ബസ്സ് യാത്രകൾ എനിക്കു തരുന്ന ഓരോ അനുഭവങ്ങൾ ആണു.ഓരോ മനുഷ്യനും ഒരു നിഗൂഢതയാണു എന്നു എവിടെയൊ കേട്ടിട്ടുണ്ടു.ഒരു ബസ്സിനകത്തു കയറിയാൽ നമ്മുക്കു കുറേ നിഗൂഢതകളെ കാണാനും,ഒരു പരിധി വരെ അറിയാനും പറ്റും.ഇപ്പൊ ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നതു ഈ നിഗൂഢതകളെ കുറിച്ചല്ല,പകരം എനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചാണു.
കൂട്ടുകാരോടൊപ്പം 7ത് ഡേ സിനിമ കണ്ടു വീട്ടിലേക്കു മടങ്ങുന്ന വഴി ഉണ്ടായ സംഭവം ആണിതു.സമയം വൈകുന്നേരം 5:30 ആയിട്ടുണ്ടാകും.ഈ സമയം നെടുമങ്ങാടു ബസ്സിലെ തിരക്കു പ്രവചനാതീതം ആണു.കാലാവസ്ഥ നിരീക്ഷകർ പറയുന്ന പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടു.കൂട്ടുകാരെ എല്ലാം യാത്രയാക്കി ഞാൻ എനിക്കുള്ള ബസ്സിൽ കയറി.ഇരിക്കാൻ ആകെ ഉള്ളതു കാഴ്ച ഇല്ലത്തവർക്കു വേണ്ടി ഉള്ള സീറ്റ്.ഞാൻ അവിടെ ഇരുന്നതും എന്റെ അടുത്തു ഒരു കാഴ്ചയില്ലാത്ത ചേട്ടൻ വന്നിരുന്നു.കണ്ടക്ടറിനു വേണ്ടി പിന്നിൽ വേറെ ഒരു സീറ്റ് ഉള്ളതിനാൽ ഞാൻ അവിടെ ഇരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല എന്നു ഉറപ്പായി.
തൊട്ടു മുന്നിൽ ഉള്ള വികലാംഗരുടെ സീറ്റിൽ 30 വയസ്സ് തോന്നിക്കുന്ന ഒരു ചേട്ടൻ വിൻഡോ സൈഡിൽ ആയും,65-70 വയസ്സ് തോന്നിക്കുന്ന ഒരു അപ്പൂപ്പൻ ആ ചേട്ടനു അടുത്തയിട്ടു ഇരിക്കുനു.ബസ്സ് നീങ്ങി തുടങ്ങി.ഞാൻ എനിക്കു വൈകി കിട്ടയ ഒരു നല്ല സുഹ്രുത്തിനോടു ഫെയ്സ്ബുക്കിൽ ചാറ്റ് ചെയ്യുവായിരുന്നു.അപ്പോഴാനു ഇടയ്ക്കു ഒരു സ്റ്റോപ്പിൽ നിന്നു വികലാംഗനായ ഒരു ചേട്ടൻ കയറിയതു.ആ ചേട്ടൻ തനിക്കുള്ള സീറ്റിൽ ഇരിക്കുന്നവരെ ഒന്നു നോക്കി.മാന്യനായ ആ ചേട്ടൻ അവിടെ ഇരിക്കുന്ന അപ്പൂപ്പനോടു എഴുന്നേല്ക്കാൻ ആവശ്യപ്പെടാതെ വിൻഡോ സൈഡിൽ ഇരിക്കുന്ന ചേട്ടനോടു എഴുന്നേല്ക്കാൻ ആവ്ശ്യപ്പെട്ടു.
“ഞാൻ എന്തിനു എഴുന്നേല്ക്കണം,വേണേൽ ഇങ്ങേരോടു എഴുന്നേല്ക്കാൻ പറ”
ഇതായിരുന്നു ആ ചേട്ടന്റെ റെസ്പ്പോൺസ്.ഗത്യന്തരമില്ലതെ ആ പാവം അപ്പൂപ്പൻ എഴുന്നേറ്റു കൊടുത്തു.അപ്പൂപ്പന്റെ മുഖത്തെ ദയനീയവസ്ഥ കണ്ടിട്ടു, പണ്ടു മുതലേ ഉദാരമനസ്കനായ ഒരു പയ്യൻ അപ്പൂപ്പനു വേണ്ടി തന്റെ സീറ്റിൽ നിന്നു എഴുന്നേറ്റു മാറി കൊടുത്തു.അഹ്..വേറെ ആരുമല്ല ഞാൻ തന്നെയായിരുന്നു ആ പയ്യൻ.
അപ്പൂപ്പൻ ഒരു ചെറുപ്പുഞ്ചിരിയോടെ എന്നെ ഒന്നു നോകിയിട്ടു ഇരുന്നു.അതേ പുഞ്ചിരി ഞാനും റെസിപ്രൊക്കേറ്റ് ചെയ്തു.ബസ്സ് പിന്നെയും കുറേ ദൂരം മുന്നോട്ടു നീങ്ങി.തിരക്കു കൂടി കൂടി വന്നു.ഞാൻ മുന്നെ പറഞ്ഞ ആ സുഹ്രുത്താണേൽ ഫെയ്സ്ബുക്കിൽ ഭയങ്കര മെസ്സേജ് അയപ്പാണു.ഒന്നിന്നു പോലും റിപ്ലൈ ചെയ്യാൻ പറ്റാത്തതിൽ എനിക്കു നല്ല വിഷമം വന്നു.തിരക്കു കുറച്ചു കൂടി കൂടിയപ്പോൾ ഉദാരമനസ്കത കാണിക്കേണ്ടായിരുന്നു എന്നു തോന്നി എനിക്കു. 😛
കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ ആ അപ്പൂപ്പനു ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് എത്താറായി.അപ്പൂപ്പൻ പതിയെ സീറ്റിൽ നിന്നു എഴുന്നെറ്റപ്പോൾ ആ സീറ്റിനു വേണ്ടി കുറെ കുറുക്കന്മാർ കൂടി നിന്നു.പക്ഷെ അപ്പൂപ്പൻ അവിടെ തന്നെ ഇരുന്നു.
“ദേ ആ വെള്ള ഷർട്ട് ഇട്ട പയ്യനെ ഇങ്ങു വിളിച്ചെ,അവൻ ഇരിക്കട്ടെ ഇവിടെ”
അപ്പൂപ്പൻ ഇതു പറഞ്ഞതു കേട്ടു നേരത്തെയുള്ള എന്റെ ഉദാരമനസ്കത പ്രവർത്തി കാണാത്ത കുറച്ചു ചേട്ടന്മാർ “അതെന്തു പരിപാടിയാ മൂപ്പീന്നേ” എന്നൊക്കെ ചോദിച്ചു.
ഞാൻ കരുതി ആ അപ്പൂപ്പനൊടു എല്ലാരും ചൂടാകും എന്നു.പക്ഷെ അപ്പൂപ്പനെ സപ്പോർട്ട് ചെയ്തു മറ്റെ വികലാംഗനായ ചേട്ടനും ലേഡീസ് സീറ്റിൽ ഇരുന്ന കുറച്ചു ആന്റിമാരും ഉടനെ സംസാരിച്ചു.
“അതെ,അതെ അവൻ ഇരിക്കട്ടെ അവിടെ.അങ്ങേർക്കു വേണ്ടി ഒന്നു മാറി കൊടുക്കാൻ അവനെ തോന്നിയുള്ളു.ഡേ ഇങ്ങു വന്നു ഇരിക്കെടെ”
ഇതു കണ്ടക്ടറുടെ വക.
അങ്ങനെ ഒരു നിമിഷം കൊണ്ടു ഞാൻ ആ ബസ്സിലെ ഹീറൊ ആയി മാറി.ആ സീറ്റിലേക്കു ഇരിക്കാൻ പോയപ്പോൾ ആണു പിന്നിൽ സുന്ദരിമാരായ കുറച്ചു യുവതികളെ ഞാൻ ശ്രദ്ധിച്ചതു.അവരെല്ലാം എന്നെയും ശ്രദ്ധിക്കുന്നു എന്നു എനിക്കു മനസ്സിലായതും ഞാൻ എന്റെ മൂവ്മെന്റ്സ് സ്ലോ മോഷനിലേക്കു ചെയ്ഞ്ചു ചെയ്തു.എന്റെ സ്ലോ മോഷനുള്ള ബി.ജി.എം 7ത് ഡേ സിനിമയുടെ ബി.ജി.എം ആയിരുന്നു അപ്പോൾ. 😛
അപ്പൂപ്പൻ എന്നെ ആ സീറ്റിൽ പിടിച്ചിരുത്തി.എന്നിട്ടു നേരത്തേ സമ്മാനിച്ച അതേ ചെറുപുഞ്ചിരി ഒന്നുടെ സമ്മാനിച്ചുകൊണ്ടു എന്റെ തലയിൽ ഒന്നു കൈ വച്ചു.എന്റെ ഉള്ളിലെ ബി.ജി.എം എല്ലാം അപ്പോൾ നിന്നു.എന്തിനെന്നു അറിയില്ല എന്റെ കണ്ണു ഒന്നു നിറഞ്ഞു.
ആ അപ്പൂപ്പനെയും,അപ്പൂപ്പന്റെ പുഞ്ചിരിയെയും,ആ തലോടലിനെയും പറ്റി ഇപ്പൊ ഓർക്കുമ്പോൾ മനസ്സിലെവിടെയൊ അകാരണമായ ഒരു സന്തോഷം ഉണ്ടാവുന്നതു പോലെ തോന്നുന്നു….ഒരു ആത്മസംതൃപ്തി….