സുർട്ടുമോൻ,ഈ പേരു എന്റെ ഉള്ളിൽ എവിടുന്നു കടന്നു കൂടിയതാണു എന്നു എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ഈ അടുത്തായിട്ട് വായനാശീലം അല്പം കൂടിയിട്ടുണ്ടു.അതുകൊണ്ടു കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കാറുണ്ട്.അങ്ങനെ എവിടുന്നേലും വായിച്ചു മനസ്സിൽ പതിഞ്ഞതാവും ആ പേരു…സുർട്ടുമോൻ.ഈ പേരിനെ പറ്റിയല്ല ഈ പോസ്റ്റ്.പകരം ഞാൻ ഇന്നലെ പരിചയപ്പെട്ട ഒരു സുർട്ടുമോനെ പറ്റിയാണു ഈ പോസ്റ്റ്.സുർട്ടുമോൻ എന്നതു ആ ആളുടെ യഥാർത്ഥ പേരല്ലാ,ഞാൻ ഇട്ടു കൊടുത്ത പേരാ.
അമ്മയ്ക്ക് കണ്ണിനു ചെറിയ അസ്വസ്ത്ഥ അനുഭവപ്പെട്ടതു കൊണ്ടു അമ്മയേയും കൂട്ടി കണ്ണാശുപത്രിയിൽ പോയതായിരുന്നു ഞാനും ചേട്ടനും.ഒ.പി ടിക്കറ്റ് എടുത്തു ആശുപത്രിയുടെ ഉള്ളിൽ കയറിയ ഞാൻ ഒന്നു ഞെട്ടി.
ഇത്രയുമധികം കണ്ണിനു അസുഖം ഉള്ള ആൾക്കാരൊ.
“മറ്റു അസുഖങ്ങളെ വച്ചു നോക്കുമ്പോൾ കണ്ണിനു അസുഖം ഉള്ളവരാ കൂടുതൽ.”എന്നു ചേട്ടൻ പറഞ്ഞു.
അതു അല്ലെങ്കിലും അങ്ങനെ ആണെല്ലോ,കണ്ണിനു അസുഖം ഉള്ളവർ അല്ലെ മിക്കവരും.നമ്മുടെ കണ്മുന്നിൽ തന്നെ ദിവസവും എത്രയെത്ര മുഖം മൂടികൾ ആണൂ അഴിഞ്ഞു വീഴുന്നതു.എന്നാലും അതൊന്നും നമ്മൾ കണ്ടില്ല എന്നു വയ്ക്കും.എത്രയൊക്കെ അനീതിയും അക്രമവും നടന്നാലും നമ്മൾ കണ്ടില്ലാ എന്നു വയ്ക്കും.ഇതെല്ലാം കണ്ണിനു അസുഖം ഉള്ളതു കൊണ്ടാ.ഇനി ആരെങ്കിലും ഇതിനൊക്കെ എതിരെ പ്രതികരിച്ചാലൊ,അവരെ അടിച്ചമർത്താനെ എല്ലാരും ശ്രമിക്കുകയുള്ളു.ഈ അടുത്ത കാലത്തു ഏതോ ഒരു ‘അമ്മ’യെക്കു എതിരെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഇടുന്നവരെ അറസ്റ്റ് ചെയ്യും എന്നൊരു പ്രസ്താവന ഇറങ്ങിയതു ഇതിനു ഒരു ഉദാഹരണം ആണു.അതു കൊണ്ടാ ഞാൻ പറയുന്നേ,നമ്മുടെ ഈ രാജ്യം എത്രയൊക്കെ സ്വാതന്ത്ര്യം ആഘോഷിച്ചാലും പഴയ ആ കൊളോണിയലിസ്റ്റ് ചിന്താസരണികൾക്കു റാഡിക്കാലായ മാറ്റങ്ങൾ ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല. 😛
അവിടെ അവിടെ ആയി ഒഴിഞ്ഞു കിടന്ന കസേരകളിൽ ഞാനും അമ്മയും ചേട്ടനും ഇരുന്നു.ഇപ്പൊഴാണു ഞാൻ നമ്മുടെ ഹീറോനെ കാണുന്നതു.ചുവന്ന ഇലാസ്റ്റിക്ക് നിക്കറും,ബെൻ ടെൻ സ്റ്റിക്കറുകൾ പതിച്ച മഞ്ഞ ടീ-ഷർട്ടും ഇട്ടു നില്ക്കുന്ന നമ്മുടെ ഹീറൊ,സുർട്ടുമോൻ.പ്രായം ഏകദേശം ഒരു 6 വയസ്സ് വരും.ആൾ ഭയങ്കര വൈബ്രന്റ് ആണു.ഒരിടത്തും അടങ്ങി ഇരിക്കുന്നില്ല.അവിടിവിടെയൊക്കെ ആയി ഓടി നടക്കുന്നു.
പണ്ടത്തെ ഇലക്ട്രിസിറ്റി ബോർഡിന്റെ സ്വഭാവം ആണു ഇപ്പൊ ബി.എസ്.എൻ.എൽ-നു ഉള്ളതു.മഴക്കോൾ കണ്ടാൽ പിന്നെ നെറ്റ്വർക്ക് എന്നതു വിദൂരമായ ഒരു സ്വപ്നം ആയി മാറും.അതു കൊണ്ടു മൊബൈൽ ഫോൺ പോക്കറ്റിൽ തന്നെ വച്ചിട്ടു ഞാൻ നമ്മുടെ സുർട്ടുമോനെ ശ്രദ്ധിക്കാൻ തുടങ്ങി.സുർട്ടുമോനോടൊപ്പം സുർട്ടുമോന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ടു.സുർട്ടുമോൻ ഇടയ്ക്കു അവരുടെ അടുത്തേക്കും ഓടി ചെന്നു എന്തേലും ഒക്കെ സംസാരിച്ചിട്ടു പിന്നേയും ഓടി പോകും.സമയം പോകാൻ കുറച്ചു നേരം സുർട്ടുവിനോടു സംസാരിക്കാം എന്നു ഞാൻ കരുതി.സുർട്ടു പിന്നെയും ഓടി വന്നു അച്ഛനോടും അമ്മയോടും എന്തോ പറഞ്ഞിട്ടു ഓടി പോയി.
അപ്പൊഴാണു ഞാൻ ഒരു കാര്യം ശ്രദ്ധിച്ചതു,ഇത്രയും നേരവും, സുർട്ടു സ്പോക്ക് ഒൺലി ഇൻ ഇംഗ്ലീഷ്.ദേവിയെ,ആ ചെക്കനെ എങ്ങാനും ഞാൻ വിളിച്ചു എന്തേലും ചോദിച്ചിരുന്നു എങ്കിൽ അവൻ ഇംഗ്ലീഷിൽ നാലു ഡൈലോഗ് അടിച്ചിട്ടു അങ്ങു പോവുകയും ചെയ്തേനെ ഞാൻ നാണംകെടുകയും ചെയ്തേനെ.മുൻ ജന്മ സുകൃതം അങ്ങനെ ഒന്നും ചെയ്യാത്തതു.ഞാൻ പിന്നെയും സുർട്ടുവിനെ ഒബ്സർവ് ചെയ്തു.സുർട്ടു പിന്നെയും അച്ഛന്റെയും അമ്മയുടെയും അടുത്തു പോയി സംസാരിച്ചപ്പോൾ ആണു എനിക്കു ഒരു കാര്യം പിടി കിട്ടിയതു.സുർട്ടുവിന്റെ അച്ഛനു മലയാളം അറിയം,പക്ഷെ അമ്മയ്ക്കു ‘മലയാല’മേ അരിയുള്ളു.അങ്ങനെ എനിക്കു മനസ്സിലായി 6 വയസ്സുകാരൻ സുർട്ടുവിന്റെ വായിൽ നിന്നു അനർഗളം നിർഗളം ആയി എങ്ങനെയാണു ഇപ്പ്രകാരം ഇംഗ്ലീഷ് ഒഴുകുന്നതു എന്നു.ഒരു മലയാളി ആയതു കൊണ്ടായിരിക്കണം,ഞാൻ പിന്നെയും എടുത്തു പറയുന്നു,ഒരു ‘മലയാളി’ ആയതു കൊണ്ടായിരിക്കണം സുർട്ടുവിനെ കൊണ്ട് മലയാളം സംസാരിപ്പിച്ചേ മതിയാവുള്ളു എന്നായി എനിക്കു.ഇനി എങ്ങാനും സുർട്ടു എന്നെ ഇംഗ്ലീഷ് പറഞ്ഞു പേടിപ്പിച്ചാൽ,അതൊന്നു ചെറുത്തു നില്ക്കാൻ വേണ്ടി ദി കിംഗ് സിനിമയിലെ മമ്മൂക്കയുടെ വെടിക്കെട്ടു ഡയലോഗ്സ് ഒക്കെ ഞാൻ ഓർത്തെടുത്തു.
അടുത്ത തവണ സുർട്ടു ഓടി വന്നപ്പോൾ ഞാൻ തടഞ്ഞു നിർത്തി.എന്നിട്ടു നമ്മുടെ സുരാജേട്ടനെ ദേശീയ അവാർഡ് വരെ കൊണ്ടെത്തിച്ച, നമ്മുടെ തനി തിരോന്തോരം ഫാഷയിൽ ചോയിച്ചു “ഡേ അപ്പി നെനക്കു മലയാളങ്ങളു തിരിയൂലെ?”.സുർട്ടു ‘ഇവൻ എവിടുത്തുകാരനെടാ’ എന്ന രീതിയിൽ ഒരു നോട്ടം എന്നെ നോക്കി.വേണ്ടാ ശരിയായിട്ടു തന്നെ ചോദിച്ചേക്കാം “ മോനെ നിനക്കു മലയാളം സംസാരിക്കാൻ അറിയില്ലെ?”.സുർട്ടുവിന്റെ മുഖം ഒന്നു ശാന്തമായി.“യെസ്,ബട്ട് മമ്മ വിൽ സ്കോൾഡ് മി”. ഇത്രയും പറഞ്ഞിട്ടു സുർട്ടു ഓടി അവന്റെ അമ്മയുടെ അടുത്തു എന്നെ ചൂണ്ടി എന്തോ പറഞ്ഞു.സുർട്ടുവിന്റെ അമ്മ എന്നെ വിറപ്പിക്കുന്ന ഒരു നോട്ടം നോക്കി.ഇനിയും അവിടെ ഇരിക്കുന്നതു പന്തികേടാണു എന്നു മനസ്സിലാക്കിയതു കൊണ്ട് ഞാൻ കുറച്ചു അപ്പുറത്തേക്കു മാറി ഇരുന്നു.
സുഹ്രുത്തെ,ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഒരു മലയാളി ആണെങ്കിൽ (ചിരിക്കണ്ട,ഇപ്പൊ മലയാളികളേക്കാൾ നന്നായി മലയാളം വായിക്കാൻ തമിഴന്മാർക്കും ബംഗാളികൾക്കും ഒക്കെ പറ്റും) നിങ്ങളുടെ മകനെയോ മകളെയോ ദയവു ചെയ്തു സുർട്ടുവിനെ പോലെ വളർത്തരുതു.ദയവു ചെയ്തു അവരെ മാതൃഭാഷ സംസാരിക്കുന്നതിൽ നിന്നു വിലക്കരുതു.നമ്മുടെ മാതൃഭാഷ ആയ മലയാളം എഴുതാനും വായിക്കാനും പറ്റാത്ത ഒരു തലമുറ ഇപ്പൊഴെ രൂപപ്പെട്ടു കഴിഞ്ഞു.ഇനി മലയാളം സംസാരിക്കാൻ അറിയാത്ത ഒരു തലമുറ കൂടി നമ്മുടെ നാട്ടിൽ ഉണ്ടായാലോ?ഈ അടുത്താണു നമ്മുടെ ഭാഷയ്ക്കു ശ്രേഷ്ഠ് ഭാഷാ പദവി നല്കി കേന്ദ്രം ആദരിച്ചതു.അങ്ങനെ ഒരു പദവി കൊണ്ടു എന്താണു ഉദ്ദേശ്ശിക്കുന്നതു എന്നു എപ്പോഴേലും നിങ്ങൾ ആരേലും ചിന്തിച്ചിട്ടുണ്ടോ?
അതു ഒരു മുന്നറിയിപ്പു ആണു.സംസ്കൃത ഭാഷ പോലെ നമ്മുടെ ഭാഷയും അന്യം നിന്നു പോകാറായി എന്നുള്ള മുന്നറിയിപ്പു.