“28 വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്നു തിരിച്ചു പോകുവാണു. ആ ഇരുട്ടു മുറിയിലേക്ക്, എന്റെ ഭാര്യയുടെ അടുത്തേക്കു. അവിടെ വച്ചാണു ഞങ്ങൾ പരിചയപെട്ടതും, പ്രണയിച്ചതും, വിവാഹം കഴിച്ചതും. എന്റെ ഉള്ളിലെ സന്തോഷ തിരമാലകൾക്കു ഇപ്പോൾ സുനാമി തിരകളുടെ വലിപ്പം ഉണ്ടു. 28 വർഷം….
ഞാൻ റോട്ടറി ഡയൽ ടെലഫോൺ. നിങ്ങളിൽ ചിലർക്കു ഒന്നും എന്നെ അത്രയ്ക്കു പരിചയം ഉണ്ടാവില്ല. ടെലഫോണുകളുടെ ആദ്യകാലത്തു നമ്പർ കറക്കി ഡയൽ ചെയ്തിരുന്ന ഒരു ഫോൺ ഇല്ലായിരുന്നോ, ആ ഫോൺ ആണു ഞാൻ. ഇപ്പോ മനസ്സിലായി എന്നു തോന്നുന്നു.
പുതിയ തലമുറയിലെ ആൾക്കാർക്കു ഇനിയും എന്നെ പിടി കിട്ടി കാണില്ല. സാരമില്ല, ഞാൻ ഒരു സെലിബ്രിറ്റി ആണു, ഗൂഗിൾ ചെയ്തു നോക്കു, എന്നെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കും. തിരുത്ത്, സെലിബ്രിറ്റി ആണു എന്നല്ല, സെലിബ്രിറ്റി ആയിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. എന്റെ ഭാര്യയും ഒരു റോട്ടറി ഡയൽ ടെലഫോൺ ആണു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഇടയിൽ സമാനതകൾ ഏറെ ആയിരുന്നു. അതു കാരണമാണു ഞങ്ങൾ പ്രണയത്തിൽ ആയതും, സമാനതകൾ. ഒരു വ്യത്യാസം ഉള്ളതു, അവൾക്കു ശബ്ദം ഇല്ല എന്നതായിരുന്നു. എന്നെ പോലെ ഉറക്കെ നിലവിളിക്കാൻ അവൾക്കു കഴിയില്ലയിരുന്നു. ആ കുറവു കാരണം ആണു അവളെ സ്റ്റോറിൽ എന്റെ ഒപ്പം അവർ കൊണ്ടു ഇരുത്തിയതു. പക്ഷെ എനിക്കു അതൊരു കുറവായി തോന്നിയില്ല.
നെടുമങ്ങാടു ബി.എസ്.എൻ.എൽ ഓഫീസിലെ ഇരുളടഞ്ഞ സ്റ്റോർ മുറിയിൽ ഞങ്ങൾ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു. ആ സമയത്താണു പിള്ള ചേട്ടൻ ഒരു ടെലഫോൺ കണക്ഷനു വേണ്ടി അപേക്ഷിക്കുന്നതു. കണക്ഷനു ഒപ്പം പിള്ള ചേട്ടനു കൊടുക്കാൻ വിധിക്കപ്പെട്ട ഫോൺ ഞാൻ ആയിരുന്നു. എന്നെ കൊണ്ടു പോകാതിരിക്കാൻ വേണ്ടി എന്റെ ഭാര്യ, അവളുടെ ഹാൻഡിൽ വയർ എന്റേതുമായി കോർത്തു വച്ചിരുന്നു. പക്ഷെ അതു കൊണ്ടു ഒന്നും ഒരു ഉപയോഗവും ഉണ്ടായില്ല, കുരുക്കു മാറ്റി എന്നെ അവളിൽ നിന്നും അവർ അകറ്റി, ഒന്നും രണ്ടുമല്ല, ഇരുപത്തിയെട്ടു വർഷത്തേക്ക്.
പിള്ള ചേട്ടന്റെ വീട്ടിൽ ഞാൻ എല്ലാർക്കും ഒരു അത്ഭുതം ആയിരുന്നു. വീട്ടുകാർക്കു മാത്രമല്ല, അയൽ വാസികൾക്കും എല്ലാർക്കും. പിള്ള ചേട്ടനു രണ്ട് ആൺ മക്കൾ ആണു, അവർക്കു ഞാൻ എന്നും ഒരു കളിപ്പാട്ടം ആയിരുന്നു. എനിക്കു ആ രണ്ടു പേരയും ഒരുപാടു ഇഷ്ടമായിരുന്നു, നല്ല ഭംഗിയുള്ള നിഷ്കളങ്കത നിറഞ്ഞ രണ്ടു മക്കൾ. ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു, മനുഷ്യർ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണെന്നു. അവർക്കു തലമുറകൾ ഉണ്ടാവുന്നു, ഞങ്ങൾക്കോ? അങ്ങനെ ഒന്നുമില്ല.
സ്റ്റോർ മുറിയിലെ ഇരുട്ടിൽ ഞാൻ ഇല്ലാതെ എന്റെ ഭാര്യ എത്ര വിഷമിക്കുന്നുണ്ടാവും എന്നോർക്കുമ്പോൾ വല്ലാതെ വിഷമം ആകും എനിക്കു. ശബ്ദം ഇല്ല എന്നതു കാരണം അവളെ എന്തായലും സ്റ്റോറിനു പുറത്തേക്കു വിടില്ല.സ്റ്റോറിലെ പൊടിയും തൊങ്ങലും ഏറ്റു കിടക്കുവായിരിക്കും പാവം. ആരെങ്കിലും അവളെ എന്നും തുടച്ചു വൃത്തിയാക്കി വക്കണെ എന്നു ഞാൻ പ്രാർത്ഥിക്കാറുണ്ടു എപ്പോഴും.എനിക്കു ആ സ്റ്റോറിലേക്കു തിരിച്ചു പോകണം. അവളുടെ അടുത്തു ഇരിക്കണം. ഓരോ കാൾ വരുമ്പോഴും ഉള്ള എന്റെ നിലവിളി, അവൾക്കു വേണ്ടിയുള്ള എന്റെ രോദനം ആണെന്നു പിള്ള ചേട്ടനോ,ഭാര്യയോ, മക്കളോ മനസ്സിലാക്കിയിരുന്നില്ല.
കുറച്ചു വർഷങ്ങൾക്കു ശേഷം പിള്ള ചേട്ടൻ ഒരു ഡയൽ പാഡ് ഫോൺ വാങ്ങി. എന്നെ സ്റ്റോറിലേക്കു മാറ്റെണം എന്നു പിള്ള ചേട്ടൻ പറയുന്നതു കേട്ടു ഞാൻ ഒരുപാട് സന്തോഷിച്ചു, ഭാര്യയെ കാണാലൊ. പക്ഷെ മാറ്റിയതു ബി.എസ്.എൻ.എൽ സ്റ്റോറിലേക്ക് അല്ല, പിള്ള ചേട്ടന്റെ വീട്ടിലെ സ്റ്റോറിലേക്കാണു. പിന്നീടുള്ള എന്റെ വർഷങ്ങൾ ആ കുടുസ്സു മുറിയിൽ ആയിരുന്നു. പുറത്തു എന്തു നടക്കുന്നു എന്നു പോലും എനിക്കു അറിയാൻ പറ്റുന്നില്ലായിരുന്നു. പൊടി പിടിച്ചു കിടന്നിരുന്ന എന്നെ ആരും തിരിഞ്ഞു നോക്കിയതു പോലുമില്ല.
പക്ഷെ ഇന്നു രാവിലെ പൊടുന്നനെ, ഒരു ചെറുപ്പക്കാരൻ എന്നെ ആ മുറിയിൽ നിന്നു എടുത്തു തുടച്ചു വൃത്തിയാക്കാൻ തുടങ്ങി. ആരാണീ ചെറുപ്പക്കാരൻ എന്നു എനിക്കു ആദ്യം മനസ്സിലായില്ല, പിന്നീട് അതു പിള്ള ചേട്ടന്റെ ഇളയ മകൻ ആണെന്നു മനസ്സിലായി. വർഷങ്ങൾ ഒരുപാടു കടന്നു പോയിരിക്കുന്നു, അന്നത്തെ ആ കൊച്ചു ചെക്കൻ ഇപ്പൊ ഒരു പുതിയ ആളായി മാറിയിരിക്കുന്നു. കാലം മനുഷ്യരിൽ വരുത്തുന്ന മാറ്റം ശരിക്കും എന്നെ അതിശയിപ്പിച്ചു.പിള്ള ചേട്ടനെയും ഭാര്യയെയും ഞാൻ കുറേ തിരഞ്ഞു,പക്ഷെ കണ്ടില്ല.
ഈ പയ്യൻ എന്നെ എടുത്തു തുടച്ചു വൃത്തിയാക്കുന്നതു എന്തിനാ എന്നു ആദ്യം മനസിലായില്ല. പക്ഷെ ഇപ്പൊ പിടി കിട്ടി.മനുഷ്യർക്കു ഉള്ളതു പോലെ ഞങ്ങൾക്കും അടുത്ത തലമുറ ഉണ്ടായിരിക്കുന്നു. മൊബൈൽ ഫോൺ എന്നാണു അവരുടെ പേരു. മേശപ്പുറത്തു ഒരു മൊബൈൽ ഫോൺ ഇരിക്കുന്നതു ഞാൻ കണ്ടു. അവനെ കാണാൻ ചെറുതും നല്ല ഭംഗിയും ആണു, പിള്ള ചേട്ടന്റെ ഈ ഇളയ മകൻ കുഞ്ഞിലെ ഇരുന്ന പോലെ. എന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച കാര്യം, എനിക്കു ഉള്ളതു പോലെ വയറുകൾ ഒന്നും അവനു ഇല്ലായിരുന്നു. ഞാൻ ആദ്യം ഒന്നു സംശയിച്ചു, അവൻ വർക്ക് ചെയ്യുമോ ഇല്ലേ എന്നു. പിള്ള ചേട്ടന്റെ മോൻ ഒരു കാൾ അറ്റൻഡ് ചെയ്യുന്നതു കണ്ടപ്പോൾ ബോധ്യമായി വർക്ക് ചെയ്യും എന്നു.
മനുഷ്യർക്കു തങ്ങളുടെ അടുത്ത തലമുറ കാരണം എന്നും സന്തോഷം മാത്രമാണു ഉണ്ടാവുന്നതു എന്നു എനിക്കു തോന്നിയിട്ടുണ്ട്. ഇവിടെ ഇപ്പൊ എന്റെ അടുത്ത തലമുറ എന്റെ സന്തോഷത്തിനു കാരണമായിരിക്കുന്നു.വീട്ടിലെ എല്ലാർക്കും മോബൈൽ ഫോൺ ഉള്ളതു കൊണ്ടു ബി.എസ്.എൻ.എൽ കണക്ഷൻ കട്ട് ചെയ്യാൻ ഒരുങ്ങുവാണു അവർ. അതിനു വേണ്ടി ബി.എസ്.എൻ.എൽ ജീവനക്കാർ എന്നെ തിരിച്ചു ആവശ്യപ്പെട്ടിരിക്കുന്നു.അതാണു പെട്ടെന്നുള്ള ഈ വൃത്തിയാക്കൽ. ഞാൻ ഭയങ്കര സന്തോഷത്തിലാണു, വർഷങ്ങൾക്കു ശേഷം ഭാര്യ എന്നെ കാണുമ്പോൾ നല്ല ഭംഗിയിൽ ആയിരിക്കുമല്ലോ കാണുന്നതു.
ഈ ഗവണ്മന്റ് ജീവനക്കാരെ പോലെ ഉള്ള മടിയന്മാർ വേറെ കാണില്ല. എത്ര നേരമായി ഞാൻ ഈ മേശപ്പുറത്തു ഇരിക്കുന്നു. എന്നെ ഒന്നു എടുത്തു സ്റ്റോറിനു അകത്തേക്കു വക്കാൻ ഇനി എത്ര സമയം വേണമോ എന്തോ. എനിക്കു അവളെ കാണാൻ തിടുക്കമായിട്ടു വയ്യ. ഞാൻ പറഞ്ഞതു കേട്ടു എന്നു തോന്നുന്നു,ദാ ഒരാൾ വരുന്നു. ആഹ്, അതെ സ്റ്റോറിലേക്കാ കൊണ്ടു പോകുന്നെ.
നിങ്ങളും കൂടെ വന്നോളു, എന്റെ ഭാര്യയെ പരിചയപ്പെടുത്തി തരാം.
ഞാൻ പറഞ്ഞില്ലെ ഇതിനകത്തു നല്ല ഇരുട്ടായിരിക്കും എന്നു. ഒന്നു നില്ക്കണേ, ഞാൻ വന്നു എന്നു അവളെ ഒന്നു അറിയിക്കട്ടെ. എന്റെ ശബ്ദം കേൾക്കുമ്പോൾ അവൾ ഞെട്ടും, ഹ ഹ, ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം കേൾക്കുന്നതല്ലേ.
TTTTRRRIIIINNNNGGG TTTRRRRIIIINNNNGGGG!!!!!!
നോക്കിക്കോ ഇപ്പൊ അവൾ തിരിച്ചു റെസ്പോൺസ് തരും.
…………………………….
കേട്ടില്ലായിരിക്കും…ഒന്നൂടെ നോക്കട്ടെ.
TRRIIINNGG TTRRIINNGGG TTRRIIIINNGGG TTTRRRIINNGGG!!!!!!!”
******************************************************************************
ആ ടെലഫോൺ അങ്ങനെ റിങ്ങ് ചെയ്തു കൊണ്ടിരുന്നു.
ശബ്ദം ഇല്ലാത്തതു കൊണ്ടാണോ, അതോ പിള്ള ചേട്ടന്റെ അടുത്ത തലമുറ പിള്ള ചേട്ടനും ഭാര്യക്കും നല്കിയ വിധി, ഇവരുടെ അടുത്ത തലമുറ ഇവർക്കു നല്കിയതു കൊണ്ടാണോ എന്നു അറിയില്ല, ആ റിങ്ങുകൾക്കു റെസ്പോൻസ് ഒന്നും വന്നതേയില്ല.
ആ ടെലഫോൺ, റിങ്ങ് ചെയ്തു കൊണ്ടേയിരുന്നു…..
Nannayittundu. ..
Once again thanks sis 🙂