എങ്ങനെ പരിചയപ്പെട്ടു എന്നോ എങ്ങനെ പ്രണയത്തിലായി എന്നോ അവർ ഓർക്കുന്നില്ല. കാരണം അതൊന്നും അവരുടെ അറിവോടെ സംഭവിച്ചതായിരുന്നില്ല. ആരോ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതു പോലെ സംഭവിച്ചതാണു.
ലോകം തന്റെ ഒപ്പം ഉള്ള വ്യക്തി മാത്രമാണു, അതിനും അപ്പുറം ഒന്നുമില്ല എന്ന ധാരണയിൽ ഇരുവരും പ്രണയിച്ചു. എന്നാൽ അതൊരു മിഥ്യാ ധാരണ ആയിരുന്നു എന്നു കാലം അവരെ പഠിപ്പിച്ചു. ആ അറിവിന്റെ വെളിച്ചത്തിൽ അവർ ഇരുവരും, തങ്ങൾ ആഗ്രഹിച്ച ആ ലോകത്തിനും, ജീവിതത്തിനും വേണ്ടി, ഒളിച്ചോടാൻ തീരുമാനിച്ചു.
സർക്കാരിന്റെ ചുവന്ന പെയിന്റടിച്ച ആ വലിയ വണ്ടിക്കുള്ളിൽ പരസ്പരം കൈകൾ കോർത്ത് ഇരിക്കുന്ന അവർ, മുന്നോട്ടുള്ള അവരുടെ ജീവിതത്തിനെ പറ്റി യാതൊന്നും ആലോചിക്കുന്നേ ഇല്ല. ബസ്സ് കാശ് പോലും കൂട്ടുകാരുടെ കയ്യിൽ നിന്നും കടം വാങ്ങിയാണു യാത്ര തിരിച്ചതു. എന്നാലും ഉള്ളിൽ എവിടെയോ എല്ലാം ശരിയാകും എന്നു ഒരു തോന്നൽ. ഈ യാത്രയുടെ പ്രചോദനവും ഒരു പരിധി വരെ ആ തോന്നൽ തന്നെ ആണു. ഒരു അസാമനികമായ ധൈര്യം. പ്രണയത്തിൽ ഇതു സ്വാഭാവികം മാത്രം.
വീട്ടിൽ തങ്ങളുടെ പ്രണയം അവതരിപ്പിച്ചപോൾ ഉള്ള പ്രതികരണങ്ങൾ ആണു ഇപ്പോൾ രണ്ടു പേരുടെയും മനസ്സിലൂടെ കടന്നു പോകുന്നതു.
“നിനക്കു എങ്ങനെ ധൈര്യം വന്നെടാ എന്റെ മുഖത്തു നോക്കി ഇതു പറയാൻ? ആ മേത്തച്ചി പെണ്ണിനെ മാത്രമേ നിനക്കു കിട്ടിയുള്ളു അല്ലെ പ്രേമിക്കാൻ?“
” എടീ വാപ്പച്ചി എങ്ങാനും ഇതു അറിഞ്ഞാൽ ഉണ്ടെല്ലോ നിന്നെ വെട്ടി നുറുക്കി കളയും, പറഞ്ഞേക്കാം. പഠിക്കണ പ്രായത്തിലാ അവളുടെ ഒരു പ്രേമവും കല്ല്യാണവും. കേറി പോടി അകത്തു.“
എതിർപ്പുകൾ എല്ലാ പ്രണയത്തിലും ഉണ്ടാവും, പ്രത്യേകിച്ച് ഇതു പോലെ വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള പ്രണയം ആവുമ്പോൾ.
ബസ്സ് കണ്ടക്ടർ അവരുടെ അടുത്തേക്കു വന്നു. അവരെ അയാൾക്കു മുൻപേ പരിചയം ഉണ്ടായിരുന്നു.
”അല്ലാ, എങ്ങോട്ടാ രണ്ടു പേരും കൂടി?“
”ഞങ്ങളുടെ പ്രണയം വീട്ടി സമ്മതിച്ചില്ല ചേട്ടാ“
”അതു കൊണ്ട്?“
”അതു കൊണ്ട് ഞങ്ങൾ നാട് വിടാൻ തീരുമാനിച്ചു.“
കണ്ടക്ടർ ഒരു നിമിഷം രണ്ടു പേരുടെയും മുഖത്തേക്ക് മാത്രം ഒന്നു നോക്കി നിന്നു…….. എന്നിട്ടു ചോദിച്ചു….
“അപ്പോൾ നിങ്ങൾ ഇന്നു നഴ്സറിയിൽ പോണില്ലേ?”
~Abhy~
Kollam 🙂
thank you.. it is based on a real life incident 😀