നേരം വൈകിയിട്ടും കൂട്ടിലേക്കു തിരികെ എത്താതെയിരുന്ന തന്റെ ഇണയെ തേടി ഇറങ്ങിയതായിരുന്നു ആ പെൺ മൈന. തേടി തേടി പെൺ മൈന ചെന്നെത്തിപ്പെട്ടതു വിവാഹം കഴിഞ്ഞു നില്ക്കുന്ന ഒരു വധുവരന്മാരുടെ മുന്നിൽ.
“ശ്ശോ, ദേ ഒറ്റമൈന. ദുശ്ശകുനം ആണെല്ലോ ആദ്യമേ” മൈനയെ കണ്ട വരൻ പറഞ്ഞു. ഇതു കേട്ട പെൺ മൈന വിഷമത്തോടെ തിരികെ കൂട്ടിലേക്കു പറന്നു.വരന്റെ ആ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു. അവൾ കൂട്ടിലെത്തിയപ്പോൾ ആൺ മൈന അവളെ കാത്തു കൂട്ടിലിരിപ്പുണ്ടായിരുന്നു.
“നീ എവിടെ പോയതായിരുന്നു?” ആൺ മൈന ചോദിച്ചു.
“ഞാ…ഞാൻ നിങ്ങളെ കാണാതെ ആയപ്പോൾ നോക്കി ഇറങ്ങിയതാ.” വിഷമം മറച്ചു വച്ചു അവൾ പറഞ്ഞു.
“എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ? എന്തു പറ്റി? ”
“ഒന്നുമില്ല”
“എന്താണെന്നു പറ.”
പെൺ മൈന എല്ലാം ആൺ മൈനയോട് പറഞ്ഞു.
“അയ്യേ, ഇതിനാണോ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നതു. എടി ഈ മനുഷ്യർക്കിടയിൽ ഒരു തെറ്റിദ്ധാരണയുണ്ട്, നമ്മുടെ കൂട്ടത്തിലെ ആരെയെങ്കിലും ഒറ്റയ്ക്കു കണ്ടാൽ അവർക്ക് എന്തോ ദോഷം സംഭവിക്കാൻ പോണു എന്നു. നീ എന്തു കരുതി, അവർ നിന്നെ പറഞ്ഞതാണെന്നോ? നമ്മുടെ കൂട്ടത്തിലെ ആരെ കണ്ടാലും അവർ ഇങ്ങനയേ പറയുള്ളു.”
“ആരെ കണ്ടാലും?” അവൾ ചോദിച്ചു.
“അതെ, ആരെ കണ്ടാലും. ഉള്ള മരങ്ങൾ മുഴുവൻ വെട്ടി നമ്മുക്കു ദോഷം ചെയ്യുന്നവരാ,എന്നിട്ടും അവർക്ക് നമ്മൾ ദോഷം ചെയ്യും എന്നാ അവരുടെ വിശ്വാസം. നീ അതൊന്നും കാര്യമാക്കേണ്ട പെണ്ണേ.“
ആൺ മൈന അവളെ തന്റെ ചിറകുകൾ കൊണ്ട് കെട്ടി പിടിച്ചു.
ആൺ മൈനയുടെ നെഞ്ചിൽ, ആ ചിറകുകളുടെ ചൂട് പറ്റി കിടന്ന അവൾക്കു ഒരു തിരിച്ചറിവു ഉണ്ടായി അപ്പോൾ.ആ തിരിച്ചറിവിൽ, അവളുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ ഇറ്റു വീണു.
അടുത്ത ദിവസം ഇര തേടാനായി ആൺ മൈന ഇറങ്ങാൻ തുടങ്ങിയപ്പോൾ പെൺ മൈന പറഞ്ഞു,
”നില്ക്കൂ, ഞാനും വരാം കൂടെ. ഇന്നു മാത്രമല്ല, എന്നും….“
ആൺ മൈന അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.
~അഭിമന്യു~
Wow.. that was heartening…
Thanks for the comment 🙂