‘അനാവശ്യമായ ടെൻഷൻ’, ഈ പ്രയോഗം തെറ്റാണു. നമുക്കു ആർക്കെങ്കിലും ടെൻഷൻ ആവശ്യം ആണെന്നു എപ്പൊഴേലും തോന്നിയിട്ടുണ്ടോ? ഇല്ല. അതായതു ടെൻഷൻ എന്നതു എപ്പോഴും അനാവശ്യം തന്നെ ആണു. ജീവിതത്തിൽ അനാവശ്യം എന്നു തോന്നുന്ന എല്ലാം പരമാവധി ഒഴിവാക്കുന്ന നമ്മുക്കു, പക്ഷെ ടെൻഷനെ മാത്രം ഒഴിവാക്കാൻ സാധിക്കുന്നില്ല.
ടെൻഷൻ എപ്പോഴും ഉണ്ടാവുന്നതു, ഒരു ഭാവി സന്ദർഭത്തിൽ നിന്നായിരിക്കും. അതായതു ഇതു വരെ നടന്നിട്ടില്ലാത്ത സന്ദർഭത്തിൽ നിന്നു. “ജോലി, സമയത്തിനു ചെയ്തു തീർക്കാൻ പറ്റുമോ?” “ഇന്നു ബോസ് വഴക്കു പറയുമോ?”, ഇങ്ങനെ നമ്മുക്കറിയത്തതും, ഒരു നിശ്ചയവും ഇല്ലാത്തതും ആയ കാര്യങ്ങളിൽ ആണു നാം മിക്കപ്പോഴും ടെൻഷൻ അകാറുള്ളതു. ഏറ്റവും രസകരം നമ്മൾ ടെൻഷനായ കാര്യത്തിനോടു നാം അടുക്കുമ്പോൾ നമ്മുക്കു മനസിലാവും, ഈ ടെൻഷൻ ആയതൊക്കെ വെറുതേ ആയല്ലോ എന്നു. എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം പറയാം.
ഞാൻ കഴക്കൂട്ടം സൈനിക സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്ന സംഭവം ആണിതു. എല്ലാ സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള പോലെ, പഠനം പൂർത്തിയാക്കി ഇറങ്ങുന്നവർക്കു പാസ്സിങ്ങ് ഔട്ട് പരേഡ് എന്ന പരേഡ് അവിടെയും ഉണ്ടു. സ്കൂൾ കാപ്റ്റന്റെ കമാൻഡിനു ശേഷം പരേഡ് ഗ്രൗണ്ടിലേക്കു പ്രവേശിക്കാൻ ഉള്ള ആദ്യ സ്ക്വാഡിന്റെ കമാൻഡർ ഞാൻ ആയിരുന്നു. പരേഡിന്റെ ഒരു പ്രാക്ടീസ് സമയത്തു, ആദ്യ സ്ക്വാഡിന്റെ കമാൻഡ് നല്കാൻ ഉള്ള ഞാൻ എന്റെ റൂമിൽ സുഖമായി ഉറങ്ങുവായിരുന്നു. ബാൻഡ് മേളങ്ങളുടെ ശബ്ദം കേട്ട് ഞാൻ ഉണർന്നപ്പോഴേക്കും, പരേഡ് ഏതാണ്ട് അവസാനിക്കാറായിരുന്നു. മിലിട്ടറി ചിട്ടയിൽ ഉള്ള സ്കൂൾ ആയതു കൊണ്ട് എന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനം ആയി എന്നു ഞാൻ കരുതി. പരേഡ് ഇൻ ചാർജ് ഞങ്ങടെ കെമിസ്ട്രി അദ്ധ്യാപകൻ ആയ ബാബു സാർ ആയിരുന്നു.ബാബു സാറിന്റെ കണ്ണിൽ പെട്ടാൽ ഉള്ള എന്റെ സ്ഥിതി ഓർത്തു എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നൊക്കെയോർത്തു ഞാൻ. എന്തായാലും സാറിന്റെ കണ്ണില്പ്പെടാതെ മുങ്ങി നടക്കാൻ സാധ്യമല്ല. അതുകൊണ്ടു കിട്ടാൻ ഉള്ളതു സാർ തരുന്നതിനു മുന്നെ പോയി ചോദിച്ചു വാങ്ങുന്നതായിരിക്കും ഉത്തമം എന്നു കരുതി ഞാൻ പോയി സാറിനെ കണ്ടു. സാറിനോട് കാര്യമൊക്കെ പറഞ്ഞു, സാർ ഇപ്പോൾ ഫുട്ബോൾ തട്ടുന്ന പോലെ എന്നെ തട്ടും എന്നൊക്കെ കരുതി ടെൻഷൻ ആയി നിന്ന എന്നോട് സാർ പറഞ്ഞതു, നാളെ മുതൽ കറക്ടായി എത്തണം എന്നു മാത്രം ആയിരുന്നു.
കഴിഞ്ഞോ, ഇത്രയേ ഉള്ളോ? ഒരു വഴക്കു പോലും ഇല്ലേ, എന്നൊക്കെ ആലോചിച്ചു ഞാൻ അമ്പരന്നു നിന്നു. ഞാൻ അത്രയും ടെൻഷൻ അടിച്ചതിന്റെ പകുതിയുടെ പകുതി പോലും സംഭവിച്ചില്ല അവിടെ. അത്രയും ടെൻഷൻ ആയതു വെറുതെ ആയില്ലേ എന്നു പറഞ്ഞു മറ്റൊരു ഞാൻ എന്നെ തന്നെ കളിയാക്കി ചിരിച്ചു അന്നു.
ഈ സംഭവം ഞാൻ പിന്നീടങ്ങോട്ട് ഞാൻ ഒരു കവചം ആയി ഉപയോഗിച്ചു. എന്തേലും കാര്യത്തിൽ ടെൻഷൻ ആവാൻ തുടങ്ങുന്നതിനു മുന്നെ ഞാൻ ഈ സംഭത്തെ പറ്റി ആലോചിക്കും. അന്നു അത്രയും ടെൻഷൻ ആയതു വെറുതെ ആയിരുന്നു, അതു പോലെ ഇപ്പൊ ടെൻഷൻ ആവാൻ പോകുന്നതും വെറുതെ ആകാൻ സാധ്യത ഉണ്ടു, അതു കൊണ്ടു ടെൻഷനെ ഒഴിവാക്കി വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്ന നിലപാട് എടുക്കാൻ തുടങ്ങി. വരാൻ ഉള്ളതു ഏതായാലും വഴിയിൽ തങ്ങില്ല, പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ, വരുന്നത് എന്താണോ അതിനെ സന്തോഷത്തോടെ സ്വീകരിക്കാം. കേട്ടിട്ടില്ലേ, സംഭവാമി യുഗേ യുഗേ…. സംഭവിക്കുന്നതെല്ലാം നല്ലതിനു മാത്രം ആണു. എന്നാൽ പിന്നെ ടെൻഷൻ ആവുന്നതു എന്തിനാ?
ശ്രമിക്കാം നമുക്ക്👍👍👍
thanks for the comment 🙂 keepvisiting 🙂