ഒരു ആക്സിഡെന്റൽ കഥ!

walter-white-driving-oh-god

യുവത്വത്തിന്റെ തീ ഉള്ളിൽ ഉള്ളതു കൊണ്ടാവാം, സമുദായം, ജാതി, മതം എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ എപ്പോഴും തല തിരിയ്ക്കുന്നതു. ആ തീ കെട്ടടങ്ങുമ്പോൾ ചിലപ്പോൾ ഞാനും എന്നെങ്കിലും ഇതേ സമുദായത്തെയും, ജാതിയേയും, മതത്തിനേയും ഒക്കെ ഏറ്റു പിടിച്ചു നടക്കുമായിരിക്കാം, ആരു കണ്ടു. ആദർശങ്ങൾ കാലത്തിനു അനുസരിച്ചു മാറുന്ന ഒന്നാണല്ലോ.

ഞങ്ങളുടെ സാമുദായിക സംഘടനയുടെ ബോർഡ് കമ്മിറ്റീ തിരഞ്ഞെടുപ്പിൽ, അമ്മയെ ഒരു സ്ഥാനാർത്ഥി ആക്കണം എന്നും പറഞ്ഞു വന്ന സംഘടനയുടെ ആൾക്കാരോട് അച്ഛൻ ഒരു തണുപ്പൻ മട്ടിൽ അതു വേണ്ടാ എന്നു പറഞ്ഞു. ബോർഡ് മെമ്പർ ഒക്കെ ആകുന്നതു അമ്മയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിക്കു വലിയ ബുദ്ധിമുട്ടാകും എന്നു ചൂണ്ടി കാണിച്ചു കൊണ്ടു ചേട്ടനും അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ബാലിശമായി തോന്നിയേക്കാവുന്ന എന്റെ ആദർശങ്ങൾ ആവാം അമ്മയെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ ഒരുപക്ഷേ എന്നെ പ്രേരിപ്പിച്ചതു. പക്ഷേ നടക്കാൻ വിധിച്ചിട്ടുള്ളതിനെ തടുക്കാൻ കഴിയില്ലല്ലോ.

സ്ഥാനാർത്ഥി നോമിനേഷൻ ഫോമിനു വേണ്ടി അപേക്ഷ നൽകുവാനായി അങ്ങനെ ഞങ്ങൾ സമുദായത്തിന്റെ ഓഫീസിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. അമ്മയെ ഈ തിരഞ്ഞെടുപ്പിൽ നിൽക്കാൻ നിർബന്ധിച്ച ഞങ്ങളുടെ സമുദായത്തിലെ ഒരു പ്രമുഖൻ, അദ്ദേഹത്തിന്റെ ഡ്രൈവറും, പിന്നെ യൂത്തു വിങ്ങിന്റെ സ്ഥാനാർത്ഥിയും ഞങ്ങൾ വരുന്ന വഴിയിൽ ഒരിടത്തു നിൽപ്പുണ്ടെന്നും അവരെയും കൂടി കൂട്ടിക്കൊണ്ടു വരണം എന്നും പറഞ്ഞു. ഇതു അറിഞ്ഞ ഞാൻ അല്പം ഒന്നു പരിഭ്രമിക്കാൻ തുടങ്ങി.

ഞാൻ നേരത്തെ പറഞ്ഞ ആ പ്രമുഖൻ തെറ്റില്ലാത്തൊരു ധനികൻ ആണു. അദ്ദേഹത്തിന്റെ പക്കൽ ഉള്ള വിവിധ തരം വാഹനങ്ങൾ ഓടിച്ചിരുന്നതു വഴിയരികിൽ നിൽക്കുന്നു എന്നു പറഞ്ഞ ആ ഡ്രൈവർ ചേട്ടൻ ആയിരുന്നു. എനിക്കു ഉണ്ടായ പരിഭ്രമത്തിന്റെ കാരണം ഇനിയും ഞാൻ വിവരിച്ചു തരണോ? ഞങ്ങളുടെ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഞാൻ ഇരിക്കാൻ തുടങ്ങിയിട്ടു ഏതാണ്ട് 5 മാസമേ ആയിട്ടുള്ളു. അതേ സമയം ഇപ്പോൾ കാറിൽ കയറാൻ പോകുന്ന ആ ഡ്രൈവർ ചേട്ടൻ കഴിഞ്ഞ 10 വർഷമായി ആ പ്രമുഖന്റെ വെവ്വേറെ കാറുകൾ ഓടിച്ചു റോഡുമായി ഒരു ആത്മബന്ധം തന്നെ ഉണ്ടാക്കിയെടുത്ത ആളാണു. ഡ്രൈവിങ്ങിൽ എന്തെങ്കിലും പിഴവു വന്നാൽ എന്റെ ആത്മാഭിമാനം പോകില്ലേ, അപ്പോൾ ഞാൻ പരിഭ്രമിക്കണ്ടേ? (ചിരിക്കയൊന്നും വേണ്ട, അല്ലെങ്കിലും ഒരുവിധം ട്രാഫിക്കിലൂടെ വാഹനം ഓടിച്ചു പോകാറായാൽ പിന്നേ L ബോർഡ് വച്ച വാഹനങ്ങളിലെ ഡ്രൈവർമാരോട് പുച്ഛം ആയിരിക്കുമല്ലോ എല്ലാർക്കും.)

അതു അല്ലെങ്കിലും അങ്ങനെ ആണു. ഒരു മേഖലയിൽ നമ്മളേക്കാൽ കൂടുതൽ പരിചയസമ്പത്തു ഉള്ള ഒരാൾ അതേ മേഖലയിലെ നമ്മുടെ പെർഫോമൻസ് അടുത്തു നിന്നു വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആർക്കായാലും ഒരു ടെൻഷൻ ഉണ്ടാവും. പരീക്ഷ എഴുതുന്ന വിഷയം പഠിപ്പിച്ച ടീച്ചർ, എഴുതുന്ന സമയത്തു നമ്മുടെ അടുത്തു വന്നു നമ്മുടെ പേപ്പർ തന്നെ നോക്കികൊണ്ടിരിക്കുമ്പോൾ ഉണ്ടാവുന്ന അതേ ഫീലിങ്ങ്.

അങ്ങനെ പിൻ സീറ്റിൽ അച്ഛനെയും, ഡ്രൈവർ ചേട്ടനെയും, യൂത്ത് വിങ്ങ് സ്ഥാനാർത്ഥി ചേട്ടനെയും, മുൻ സീറ്റിൽ അമ്മയേയും ഇരുത്തി ഞാൻ ഫസ്റ്റ് ഗിയറിൽ നിന്നും സെക്കൻഡിലേക്കു മാറി. തെറ്റുകൾ അധികം സംഭവിക്കാതിരിക്കാൻ ഒഴിഞ്ഞ റോഡുകളിൽ പോലും ഞാൻ ഇടയ്ക്കു കാണിക്കാറുള്ള ‘ഡെമോ’ എല്ലാം ഒഴിവാക്കി മര്യാദാരാമനായി 50-55ൽ പതുക്കെ കാറോടിച്ചു. മൗനം എന്നെ മാത്രമേ ഇഷ്ടപ്പെട്ടിരുന്നുള്ളു അപ്പോൾ.
അമ്മയും യൂത്ത് വിങ്ങേട്ടനും, യൂത്ത് വിങ്ങേട്ടന്റെ 6 മാസം മുൻപ് നടന്ന കല്ല്യാണത്തിന്റെ വിശേഷങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അച്ഛനും ഡ്രൈവർ ചേട്ടനും തിരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിച്ചു കൊണ്ടിരുന്നു. ഞാനോ, wrong side കയറി വരുന്ന വാഹനങ്ങളെ മനസ്സിൽ തെറി പറഞ്ഞു കൊണ്ടിരുന്നു.

കാര്യങ്ങളൊക്കെ ഒരു വിധം നല്ല രീതിയിൽ പൊയ്ക്കോണ്ടിരിക്കുവായിരുന്നു. അപ്പോഴാണു ഒരു വളവിൽ വച്ചു ഒരു അമ്മൂമ്മയുടെ അവിചാരിതവും അതിസാഹസികവുമായ റോഡ് ക്രോസ്സ് ചെയ്യൽ യജ്ഞം നടന്നതു. തന്റെ ഇടതു വശത്തേക്കു മാത്രം നോക്കിയ അമ്മൂമ്മ, ആ വശത്തു നിന്നു വരുന്ന KSRTC ബസ്സ് ഇങ്ങു എത്തുന്നതിനു മുന്നേ ക്രോസ്സ് ചെയ്യാൻ ഉള്ള വ്യഗ്രതയിൽ തന്റെ വലതു വശത്തു നിന്നും വളവു തിരിഞ്ഞു വരുന്ന ഞങ്ങളുടെ കാർ ശ്രദ്ധിക്കാതെ റോഡിനു നടുവിലേക്കു ഓടി. അമ്മൂമ്മയെ എന്തായാലും കാർ ഇടിക്കും എന്നു ഉറപ്പുള്ളതു കൊണ്ട്, കാറിനു അകത്തു ഇരുന്ന എല്ലാരും നിലവിളിച്ചു.

മനസ്സ് പ്രകാശ വേഗത്തേക്കാൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്ന വസ്തുവാണെന്നു എനിക്കു മനസ്സിലായ നിമിഷങ്ങൾ…
ബ്രേക്കിടാം – കാര്യമില്ല, അമ്മൂമ്മ കാറിനു ഒരുപാടു അടുത്താണു.
ഇടത്തേക്കു വെട്ടിച്ചു ഫുട്പാത്തിലേക്കു ഇറക്കാം – പറ്റില്ല, അവിടെ കുറച്ചു സ്കൂൾ കുട്ടികൾ നിൽക്കുന്നുണ്ട്.
വലത്തേക്ക് ഒന്നു ചെറുതായി തിരിച്ചു, അമ്മൂമ്മയെ ഒഴിച്ചു കാർ കൊണ്ടുപോകാം – സാധ്യമല്ല, അമ്മൂമ്മ അങ്ങോട്ടേക്കാണു ഓടി കയറുന്നതു, ഇടിയ്ക്കും.
വലത്തേക്കു നല്ല പോലെ തിരിച്ചു wrong side കേറി പോകാം – റിസ്ക്കാണു, അവിടുന്നു KSRTC ബസ്സ് വരുന്നുണ്ട്.

ഇനിയെന്തു ചെയ്യും? ആകെ ഈ നാലു ഓപ്ഷൻസ് മാത്രമേ എന്റെ മുൻപിൽ ഉള്ളു. പ്രതീക്ഷയുടെ നേരിയ വെളിച്ചത്തിന്റെ ഒരു അംശം എങ്കിലും കാണുന്നതു നാലാമത്തേതിൽ മാത്രാമാണു. കാർ wrong side-ലേക്ക് വെട്ടി തിരിക്കുന്നതു ആ KSRTC ബസ്സ് ഡ്രൈവറിനു എന്തായാലും കാണാൻ സാധിക്കും. അയാൾ എന്തായാലും ബ്രേക്കിടും. ആകെ ഉള്ള സംശയം ബസ്സിനു ബ്രേക്ക് കിട്ടുവാൻ ഉള്ള ദൂരം കാറുമായിട്ടു ഉണ്ടോ എന്നതു മാത്രമാണു. ആ സംശയത്തെ അധികം വളരാൻ അനുവദിക്കാതെ ഞാൻ നാലാമത്തെ ഓപ്ഷൻ പ്രാവർത്തികമാക്കി. സാധിക്കാൻ കഴിയാതെ പോയ ഒരുപാടു ആഗ്രഹങ്ങളാണു അപ്പോൾ ആദ്യം മനസ്സിൽ വന്നതു. ഏറ്റവും ഒടുവിൽ ഞാനാണു ജീവിതം എന്നു പറഞ്ഞ നടക്കുന്ന പെൺകുട്ടിയുടെ മുഖവും, അവളോട് ഒരു യാത്ര പോലും പറയാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധവും.കുറ്റബോധം…..
“മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരിക്കും.” [ലാലേട്ടൻ.ജെ പി ജി]

കാർ ആ നിമിഷത്തിൽ എന്റെ ദേഹത്തിന്റെ ഒരു ഭാഗം എന്ന പോലെ എന്റെ ചിന്തകളോട് പ്രതികരിച്ചു പ്രവർത്തിച്ചു.ഒന്നും സംഭവിക്കാതെ തന്നെ കാർ സുരക്ഷിതമായ സൈഡിലേക്ക് കയറി. കാറിനകത്തു ഇരിക്കുന്ന ആർക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്നു ഉറപ്പുള്ള ഞാൻ റോഡിൽ ആ ആമ്മൂമ്മയ്ക്കോ മറ്റാർക്കെങ്കിലുമോ എന്തേലും സംഭവിച്ചോ എന്നു അറിയാനായി റിയർ വ്യൂ മിററിലൂടെ നോക്കി. ഇല്ല, ആർക്കും ഒന്നും സംഭവിച്ചിട്ടില്ല.അമ്മൂമ്മയുടെ ആ സാഹസിക യജ്ഞത്തിനു എന്നേ പോലെ ആ KSRTC ഡ്രൈവറും ഇരയാകേണ്ടി വന്നതു ഞാൻ കണ്ടു. പ്രായത്തിൽ മൂത്ത ഒരാൾ ആയതു കൊണ്ടും, ഒരു സ്ത്രീ ആയതു കൊണ്ടും, കാർ നിർത്താനോ പുറത്തിറങ്ങി ആ അമ്മൂമ്മയോട് എന്തെങ്കിലും പറയാനോ ഞാൻ തുനിഞ്ഞില്ല. ചിലപ്പോ വാദി പ്രതിയായേക്കാം.

കൈയ്യും കാലും ഉള്ളും ഒരു പോലെ പേടിച്ചു വിറച്ചെങ്കിലും, ഞാൻ ആ ഡ്രൈവർ ചേട്ടനു മുന്നിൽ ആദ്യം മുതൽക്കേ സംരക്ഷിക്കാൻ നോക്കിയ എന്റെ ആത്മാഭിമാനം ഒരു ചീട്ട് കൊട്ടാരം പോലെ വീണുടഞ്ഞെങ്കിലും, “ശോഭ പേടിച്ചു പോയോ, ഇതൊക്കെ സാധാരണയല്ലേ.” [ശ്രീനിവാസൻ.ജെ പി ജി] എന്ന ഭാവത്തെ എന്റെ മുഖത്തു വച്ചു കൊണ്ടു ഞാൻ ഡ്രൈവിങ്ങ് തുടർന്നു. പിന്നീടങ്ങോട്ട് വധം തുടങ്ങുകയായി.

അമ്മ : “ നീ ഓവർസ്പീഡ് ആയിരുന്നു. 70ൽ ആയിരുന്നു കാർ അപ്പോൾ. നിന്റെ ഭാഗത്താണു തെറ്റ്.”
ഉടഞ്ഞു കിടന്ന എന്റെ ആത്മാഭിമാനത്തിൽ അമ്മയുടെ വക ആദ്യത്തെ കുത്തു.
അച്ഛൻ : “ ഏയ്, ഓവർസ്പീഡ് ഒന്നും അയിരുന്നില്ല. ആ കെളവി നോക്കാതെ എടുത്തു ചാടിയതാ.”
അമ്മ ഉണ്ടാക്കിയ മുറിവിലേക്കായി അച്ഛൻ മരുന്നുമായി വന്നു.
അച്ഛൻ : “എന്നാലും നീ കുറച്ചു ശ്രദ്ധിക്കണമായിരുന്നു.”
ഓഹോ, മരുന്നല്ലായിരുന്നു അപ്പോൾ കൈയ്യിൽ അല്ലേ.
ഡ്രൈവർ ചേട്ടൻ : “ എടാ മോനേ, വേണേൽ ഞാൻ ഓടിക്കാം.”
എന്റെ കണ്ണിൽ നിന്നു തീ പാറി.ആത്മാഭിമാനത്തിനു ലഭിച്ച ഏറ്റവും വല്യ മുറിവായിരുന്നു ആ വാക്കുകൾ ഉണ്ടാക്കിയതു. ചോര വാർന്നൊഴുകി എന്റെ ആത്മാഭിമാനം മരിച്ചു.
കൊല്ലാം, പക്ഷേ തോല്പ്പിക്കാനാവില്ല മക്കളേ. “ ഏയ്, അതു സാരമില്ല ചേട്ടാ ഞാൻ ഓടിച്ചോളാം.” ഞാൻ പറഞ്ഞു.

അടുത്ത ഊഴം യൂത്ത് വിങ്ങേട്ടന്റെ ആയിരുന്നു. അയാൾ എന്താണു പറയാൻ പോകുന്നതു എന്നു കേൾക്കാൻ ഞാൻ ചെവിയോർത്തു.ഇല്ലാ, ആ ചേട്ടൻ ഒന്നും മിണ്ടുന്നില്ല. ആ ചേട്ടനു എന്തെങ്കിലും പറ്റിയോ എന്നു അറിയാനായി ഞാൻ മിററിലൂടെ ആ ചേട്ടനെ നോക്കി.ഏയ് ഒരു കുഴപ്പവുമില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ അയാൾ വായൊക്കെ അടച്ചു പിടിച്ചു സീരിയസ്സ് ആയിട്ട് ഇരിക്കുന്നു. ആ മുഖം കണ്ടപ്പോൾ സത്യമായിട്ടും എനിക്കു ഒരുപാട് സന്തോഷം ഉണ്ടായി. എന്റെ ഇനിയങ്ങോട്ടുള്ള ഡ്രൈവിങ്ങ് എങ്ങനെ ഉള്ളതായിരിക്കും എന്നതിനെ കുറിച്ചു പോലും ആദ്യമായിട്ട് എന്റെ കാറിൽ കയറിയ അദ്ദേഹത്തിനു ഒരു വ്യാകുലതയും ഇല്ലാ എന്നു കണ്ടപ്പോൾ എനിക്കയാളോട് ഒരുപാട് ബഹുമാനം തോന്നി. എന്റെ മേലേ അപ്പോൾ എനിക്കു പോലും ഇല്ലാതിരുന്ന വിശ്വാസം അയാളിൽ കണ്ടപ്പോൾ ഞാൻ ഫുൾ ചാർജ്ജ്ഡ് ആയി.

അമിട്ട് പൊട്ടുന്ന വേഗത്തിൽ ആയിരുന്നു അതു സംഭവിച്ചതു. യൂത്ത് വിങ്ങേട്ടൻ തല പുറത്തേക്കിട്ട് ഒറ്റ ഛർദ്ദി. ഞാൻ കാർ സൈഡിലേക്ക് ഒതുക്കി. യൂത്ത് വിങ്ങേട്ടൻ കാറിൽ നിന്നു ഇറങ്ങി ഓടി റോഡിന്റെ സൈഡിൽ നിന്നു ഛർദ്ദിയോട് ഛർദ്ദി.
“പാവം പേടിച്ചു കാണും.” ഡ്രൈവർ ചേട്ടൻ അയാളുടെ പുറം തടവി കൊണ്ട് പറഞ്ഞു.
ആദ്യമേ മരിച്ച എന്റെ ആത്മാഭിമാനത്തിനെ യൂത്ത് വിങ്ങേട്ടൻ പത്തലു കൊണ്ടു തല്ലി ചതയ്ക്കുന്നതു ഞാൻ ദയനീയമായി നോക്കി നിന്നു.“ അണ്ണാ, എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു.” ഞാൻ മനസ്സിൽ പറഞ്ഞു. ഹാർട്ട് പേഷ്യന്റ് ആയ എന്റെ അമ്മ പോലും ഇത്രയും പേടിച്ചു കാണില്ല. ഛർദ്ദി ഒക്കെ കഴിഞ്ഞു യൂത്ത് വിങ്ങേട്ടൻ വായൊക്കെ കഴുകി, ആരെയോ ഫോൺ ചെയ്തു കൊണ്ട് കാറിലേക്ക് കയറാൻ വരുന്നതു കണ്ടു ഞാൻ പിന്നെയും ഡ്രൈവർ സീറ്റിലേക്കു ഇരിക്കാനായി ഡോർ തുറന്നു. അപ്പോഴാണു യൂത്ത് വിങ്ങേട്ടൻ ഫോണിൽ എന്താണു സംസാരിക്കുന്നതു എന്നു ഞാൻ കേട്ടതു.
“പോളിസിയുടെ പേപ്പറെ ഞാൻ ആ താഴത്ത ഹാളിലെ മേശയ്ക്കു അകത്താണേ വച്ചേക്കുന്നേ.”
ഞാൻ കണ്ണും തള്ളി അയാളെ തന്നെ നോക്കി നിന്നു. എന്റെ മരിച്ച ആത്മാഭിമാനത്തിനെ പത്തലു കൊണ്ടു തലങ്ങും വിലങ്ങും തല്ലി ചതച്ചിട്ട്, ദേ ഇപ്പൊ അതിനെ അയാൾ കെട്ടി തൂക്കുന്നു.

പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. കാറിൽ കയറാൻ വന്ന ഡ്രൈവർ ചേട്ടന്റെ കൈയ്യിൽ താക്കോൽ കൊടുത്തു കൊണ്ടു ഞാൻ പറഞ്ഞു, “ വേണോങ്കി ചേട്ടൻ ഓടിച്ചോ കേട്ടാ…!!!”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s