ദയാവധം

ഒരേ വീട്ടിൽ ആണു പാർവതിയും അപ്പുവും വളർന്നതു. പാർവതിയ്ക്കു പതിനെട്ടു വയസ്സ് തികഞ്ഞതിന്റെ അന്നു, ചേട്ടൻ പ്രശാന്തിന്റെ, വീട്ടുകാരാൽ അംഗീകരിക്കപ്പെട്ട, മുറി മലയാളം സംസാരിക്കുന്ന കാമുകി എലിസബത്ത്- ലിസേച്ചി എന്നു വിളിക്കണം എന്നാണു അമ്മയുടെ ശാസന- നൽകിയ പിറന്നാൾ സമ്മാനം ആണു അപ്പു.

“അപ്പു? അതു കൊല്ലില്ല. വേറെ നല്ല പേരു ഞാൻ സജസ്റ്റ് ചെയ്യട്ടെ? ബ്രൂണോ. ഹൗ ഇസ് ഇറ്റ് പ്രശാന്ത്?”

“ദാറ്റ്സ് ഓസം.ബ്രൂണോ.ഗ്രേറ്റ്, അതു മതി.” അൽസേഷ്യൻ പട്ടിക്കുട്ടിയ്ക്കു ഇടാൻ ഇനി ഇതിലും നല്ല പേരു കിട്ടിയെന്നു വരില്ലാ എന്ന ആവേശത്തോടെ പ്രശാന്ത് ലിസ പറഞ്ഞതു അംഗീകരിച്ചു.

തന്റെ കൈകളിൽ വന്ന നിമിഷം ആ മുഖത്തെ നിഷ്കളങ്കത കണ്ട പാർവതിയ്ക്കു പക്ഷേ, അവനെ അപ്പു എന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. പാർവതി അമ്മയെ ഒന്നു നോക്കി. അമ്മയ്ക്കും ഭാവി മരുമകളുടെ നിർദേശം സ്വീകാര്യമായിരുന്നു.“അപ്പു എന്നൊക്കെ ഇന്നത്തെ കാലത്തു മനുഷ്യർക്കു പോലും പേരിടില്ല. ബ്രൂണോ എന്നു മതി.” അമ്മ പറഞ്ഞു. ഒരു മാസം കൊണ്ടു കുളിച്ചു തീർക്കേണ്ട സോപ്പ്, ഒരാഴ്ച്ച കൊണ്ട് കുളിച്ചു തീർക്കുന്ന തന്റെ ചേട്ടൻ, ആ കഴിവു താൽകാലിക ജീവനക്കാരനായി കയറിയ ചാനലിൽ നിരന്തരമായി പ്രയോഗിച്ചപ്പോൾ, ചാനൽ എം ഡി സ്വയം അനുവദിച്ചു നൽകിയ സ്ഥിരജോലിക്കും, ഉദ്യോഗകയറ്റത്തിനുമൊപ്പം സൗജന്യമായി ലഭിച്ചതാണു എം ഡി-യുടെ മകൾ ആയ ഈ എലിസബത്ത് രാജ്ഞിയെ, അതു കൊണ്ട് തന്നെ ചേട്ടനു രാജ്ഞിയുടെ ഇഷ്ടങ്ങൾക്കപ്പുറം ഒന്നുമില്ല, അമ്മയ്ക്കാകട്ടെ ചേട്ടന്റെ ഇഷ്ടങ്ങൾക്കപ്പുറവും ഒന്നുമില്ലാ.ചുരുക്കി പറഞ്ഞാൽ വിവാഹത്തിനു മുൻപേ തന്നെ രാജ്ഞിയ്ക്കു തന്റെ വീട്ടിൽ തന്നെക്കാൾ വലിയ സ്ഥാനം ആണെന്നു അറിയാവുന്ന പാർവതിയ്ക്കു എതിർത്തൊന്നും പറയാൻ സാധിച്ചില്ലാ. അങ്ങനെ അവൻ പാർവതിയ്ക്കു മാത്രം അപ്പുവായി.

ലിസേച്ചിയോട് പാർവ്വതിയ്ക്കു അകാരണമായൊരു ഇഷ്ടക്കേട് ഉണ്ടായിരുന്നു. സിനിമകളിലും സീരിയലുകളിലും മിക്കവാറും പൊങ്ങച്ചക്കാരിയായോ വില്ലത്തിയായോ കാണിക്കാറുള്ള പണക്കൊഴുപ്പുള്ള സ്ത്രീകളോട് തോന്നുന്ന ഒരു തരം വെറുപ്പ്, പാർവ്വതിയ്ക്കു ലിസയോടും തോന്നിയിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം തനിക്കു ആദ്യമായി ഒരു ജന്മദിനസമ്മാനം നൽകിയതു ലിസേച്ചി ആയതിനാൽ ആ വെറുപ്പു ഒരല്പം കുറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നപ്പോൾ, പന്ത്രണ്ട് വയസ്സ് വരെ പാർവ്വതിയുടെ എല്ലാ പിറന്നാളിനും എന്തെങ്കിലും സമ്മാനം കിട്ടിയിരുന്നു, എല്ലാ ശനിയാഴ്ചകളിലും ആ വീട്ടിൽ ആഘോഷമായിരുന്നു.

ജോലി കഴിഞ്ഞു വീട്ടിൽ എത്തുന്ന അച്ഛൻ മറ്റേതൊരു ദിവസത്തേക്കാളും ശനിയാഴ്ച്ചകളിൽ കൂടുതൽ സന്തോഷവാനായിരിക്കും. അവർ ഒരുമിച്ചു സിനിമയ്ക്കു പോകും അല്ലെങ്കിൽ ബീച്ചിൽ പോകും. ബീച്ചിൽ രാത്രി വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പിനെ തന്റെ കുടുംബത്തിനൊപ്പം ആസ്വദിക്കാൻ അദ്ദേഹത്തിനു ഒരുപാടു ഇഷ്ടമായിരുന്നതു കൊണ്ടു ഏറെ വൈകിയെ അവർ വീട്ടിലേക്കു മടങ്ങാറുള്ളു. സിനിമാക്കമ്പം കുറച്ചധികം ആയതിനാൽ, വെള്ളിയാഴ്ച്ച ഏതെങ്കിലും പുതിയ സിനിമ ഇറങ്ങിയിട്ടുണ്ടെങ്കിൽ, ശനിയാഴ്ച്ച സിനിമയ്ക്കു ആയിരിക്കും പോകുന്നതു. അന്നൊക്കെ പാർവ്വതി സിനിമ മേഖല ഒന്നു സ്തംഭിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുണ്ടു. ശീതികരിച്ച നാലു ചുവരുകൾക്കുള്ളിൽ ആ വെള്ള തുണിയ്ക്കു മുന്നിൽ ഇരുന്നു, ആർക്കോ പറയുവാനുള്ള ഒരു കഥ, അതു മാത്രം രണ്ടര മണിക്കൂർ കണ്ടു കൊണ്ടു ഇരിക്കുക എന്നതിലുപരി അവൾക്കിഷ്ടം, അതേ രണ്ടര മണിക്കൂറിൽ തനിക്കു ഇഷ്ടപ്പെടുന്ന നൂറോളം കഥകളെ തിരഞ്ഞെടുക്കാനും അവയെ ആസ്വദിക്കാനും പ്രകൃതി ഒരുക്കി തരുന്ന അവസരത്തിനെ ആയിരുന്നു. ചിലപ്പോൾ അതു പ്രണയിനിയെ തഴുകി മറയുന്ന തിരയുടെ കഥയാകാം, ചിലപ്പോൾ അമ്പതു രൂപയുടെ കാറ്റു നിറച്ച പന്തിൽ അയ്യായിരം രൂപയുടെ കമ്പ്യൂട്ടർ ഗെയ്മുകൾക്കു നൽകുവാനാകാത്ത അനുഭൂതി കണ്ടെത്തുന്ന കടൽക്കരയിലെ കുട്ടികളുടെ സന്തോഷത്തിന്റെ കഥയാകാം, മുടിയിഴകളിലെ കസ്തൂരി ഗന്ധത്തിനെ കവർന്നെടുത്തു കൊണ്ടു പോകുന്ന കാറ്റിന്റെ കഥയാകാം, ചിലപ്പോൾ, മൂന്നു ദിവസത്തെ കൊട്ടാര സന്ദർശനത്തിനു ശേഷം കടലമ്മ കരയിൽ ഇറക്കി വിടുന്ന മനുഷ്യരുടെ കഥയാകാം. പാർവ്വതിയുടെ മനസ്സിൽ തങ്ങുന്ന ഏറ്റവും ഒടുവിലത്തെ കഥയും ഇതിലൊന്നാണു.

അച്ഛന്റെ മരണ ശേഷം പാർവ്വതി വീടിനു പുറത്തേക്കു പോകുന്നതു സ്കൂളിലേക്കു മാത്രമായി, ഇപ്പോൾ അതു കോളേജിലേക്കായി മാറി. പഴയതു പോലെ ബീച്ചിൽ പോകുവാനും, സ്റ്റ്രീറ്റ് ലൈറ്റുകളുടെയും വഴിയോരത്തെ കടകളുടെയും വെളിച്ചത്തിൽ മുങ്ങി കിടക്കുന്ന രാത്രി നഗരത്തെ കാണുവാനും അവൾ ഏറെ ആഗ്രഹിച്ചു.

“ഓഹ്, ഇനി അതിന്റെ കുറവു കൂടിയെ ബാക്കിയുള്ളു.” അമ്മ പറഞ്ഞു, “ രാത്രി പുറത്തേക്കു പോകുന്ന പെൺപിള്ളേരുടെ ഓരോ കഥകൾ ദിവസം പത്രത്തിൽ വരുന്നതു കാണുമ്പോൾ പേടി ആകുവാ.അപ്പോഴാ..”

“അമ്മാ ഞാൻ ഒറ്റയ്ക്കു അല്ലല്ലോ പോകുന്നതു, കൂടെ ഫ്രണ്ട്സ് ഉണ്ടല്ലോ.”

“അതാരാ ഈ ഫ്രണ്ട്സ്? അവരുടെ വീട്ടിലെ നമ്പർ താ.ഞാൻ ഒന്നു വിളിച്ചു ചോദിക്കട്ടെ. സന്ധ്യ ആയാൽ പെൺപിള്ളേരു കുടുംബത്തു കേറിക്കോണം എന്നാണു.”

“ അച്ഛൻ ഉണ്ടായിരുന്നപ്പോൾ അങ്ങനെ ഒന്നും ഇല്ലായിരുന്നല്ലോ.”

“അച്ഛൻ ഉണ്ടായിരുന്നപ്പോൾ!” അമ്മയുടെ ശബ്ദം ഉയർന്നു,“ അതു പോലെ അല്ലാ ഇപ്പോൾ. പ്രായമെത്തിയ പെണ്ണാണു നീ. നിന്നെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കുന്നതു വരെ എന്റെ നെഞ്ചിൽ തീയാണു.”

ദേഷ്യത്തിനൊപ്പം അമ്മയുടെ കണ്ണിലെ കണ്ണുനീരും ഉയരുന്നതു കണ്ട പാർവ്വതി പിന്നെ ഒന്നും മിണ്ടാതെ സിറ്റ് ഔട്ടിലെ പടിയിൽ പോയി ഇരുന്നു. കിതച്ചു കൊണ്ടു അപ്പുവും അവളുടെ അടുത്തു വന്നിരുന്നു. പാർവ്വതി അവന്റെ കഴുത്തിൽ ഒക്കെ ഒന്നു തലോടി, എന്നിട്ടു അവനോടായി പറഞ്ഞു, “ അമ്മയെ പറഞ്ഞിട്ടും കാര്യമില്ല. അച്ഛൻ പോയതിൽ പിന്നെ അമ്മയ്ക്കു ചെറിയ കാര്യങ്ങളിൽ പോലും വലിയ ആവലാതികൾ ആണു. സൈക്കിൾ പഠിക്കാൻ അപ്പുറത്തെ ആര്യയുടെ സൈക്കിളിൽ കയറിയ അന്നു ഒരുപാടു വഴക്കു കേട്ടു. താഴെ വീണു എന്തെങ്കിലും പറ്റിയാലോ എന്ന പേടി. ഇങ്ങനെ ഓരോ കാര്യത്തിലും അമ്മയ്ക്കു പേടിയാണു.”

അപ്പോൾ പാർവ്വതിയുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. സ്മിതയാണു. “എടാ ഞാൻ വരുന്നില്ലാ. അമ്മ സമ്മതിക്കില്ലാ. ആറു മണിയ്ക്കു ശേഷം പുറത്തു കറങ്ങുന്ന ഒരു പരിപാടിയും വേണ്ടാ എന്നാ അമ്മ പറയുന്നതു.നിങ്ങൾ പൊയ്ക്കോ.” പാർവ്വതി സ്മിതയോടു പറഞ്ഞു. ഫോൺ കട്ട് ചെയ്തു അപ്പുവിനെ നോക്കിയപ്പോൾ അവൻ തന്റെ പിന്നിൽ ആരെയോ നോക്കുകയാണു എന്നു കണ്ട പാർവ്വതി തിരിഞ്ഞു, പുറകിൽ അമ്മ നിൽക്കുന്നു.

“ആരാടി വിളിച്ചതു?”

“സ്മിത, ക്ലാസ്സിലെ കൂട്ടുകാരിയാ.”

“കൂട്ടുകാരിയോ കൂട്ടുകാരനോ?”

പാർവ്വതി ദേഷ്യത്തിൽ എഴുന്നേറ്റ് ചോദിച്ചു, “ അമ്മയ്ക്കു ഇപ്പോൾ എന്താ വേണ്ടതു?”

അമ്മയുടെ ഉള്ളിലെ ദേഷ്യം മുഴുവനും പുറത്തേക്കു വന്നു “നീ ഇപ്പോൾ ആരോടാ സംസാരിച്ചേ എന്നു എനിക്കു അറിയണം. ഞാനും കോളേജിൽ ഒക്കെ പഠിച്ചതു തന്നെയാ.‘എടാ’ എന്നാണോ നീ കൂട്ടുകാരികളെ വിളിക്കണേ? നിന്റെ ഈ ഫോൺ എടുത്തു അടുപ്പിൽ ഇടും ഞാൻ, പറഞ്ഞേക്കാം. അവൻ ഇങ്ങോട്ട് വരട്ടെ, ഓരോന്നു വാങ്ങിച്ചിട്ടു കൊടുത്തോളും.“

പാർവ്വതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു അമ്മയുടെ നേർക്കു നീട്ടി,”ഇന്നാ കൊണ്ടു പോയി അടുപ്പിൽ ഇടു, അല്ല പിന്നെ.“

അമ്മ ആ ഫോൺ പിടിച്ചു വാങ്ങി. “ നീ എന്നെ വിരട്ടുന്നോടി. കാണിച്ചു തരാം നിനക്കു.” അമ്മ വേഗത്തിൽ അകത്തേക്കു പോയി. പാർവ്വതി പടിയിൽ ഇരുന്നു. അകത്തു നിന്നും പാത്രങ്ങൾ നിലത്തു വീഴുന്നതിന്റെയും കതകു വലിച്ചടയ്ക്കുന്നതിന്റെയും ശബ്ദങ്ങൾ കേട്ടു പാർവ്വതി കണ്ണുകൾ അടച്ചു ഇരുന്നു. കൺപീലികളുടെ ബന്ധനത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കണ്ണുനീർ തുള്ളി അവളുടെ കവിളിലൂടെ സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തിൽ താഴേക്കു ഒഴുകി. അപ്പു അവളുടെ കാൽപാദങ്ങളിൽ തല വച്ചു കിടന്നു.

പാർവ്വതി അപ്പുവിനെ തന്നെ നോക്കിയിരുന്നു. രാവിലെ ഏഴു മണിക്കു താൻ കോളേജിലേക്കു പോകുവാൻ ഇറങ്ങുമ്പോൾ അവന്റെ കൂടു തുറന്നിട്ടു കൊടുക്കും. ഈ വീടിന്റെ നാലു മതിൽക്കെട്ടിനുള്ളിലെ സ്വാതന്ത്ര്യത്തിലേക്കു അവൻ ഇറങ്ങി ചെല്ലും, കോളേജ് മതിലുകൾക്കുള്ളിലെ സ്വാതന്ത്ര്യത്തിലേക്കു താനും. വൈകുന്നേരം ആറു മണിയാകുമ്പോൾ തനിക്കു തന്റെ കൂട്ടിൽ കേറണം രാത്രി ഒൻപതു മണിയാകുമ്പോൾ അവനു അവന്റെയും. രാത്രിയിൽ മതിലിനു അകത്തേക്കു വരുന്ന ചാവാലി പട്ടികൾ കടിച്ചു അവനു പേയ് പിടിച്ചാലോ എന്ന അമ്മയുടെ ഭയം.സമാനതകൾ ഉള്ള ജീവിതം ആണു തങ്ങളുടേതു എന്നു പാർവ്വതിയ്ക്കു തോന്നി അപ്പോൾ. അപ്പോഴും മനസ്സിലാകാത്തതു ആരാണു ഇവിടെ തങ്ങളുടെ ശത്രു എന്നതാണു. അമ്മയുടെ ഭയമോ അതോ പേയ് പിടിച്ച ചാവാലി പട്ടികളോ?

അമ്മയുടെ ഭയം സംരക്ഷണത്തിൽ നിന്നും ഉണ്ടാവുന്നതാണു.ചാവാലി പട്ടികൾ തന്നെ ശത്രുക്കൾ. ഗെയ്റ്റു തുറന്നു ചേട്ടന്റെ ബൈക്ക് അപ്പോൾ ഉള്ളിലേക്കു വന്നു.പിന്നിൽ ലിസേച്ചിയും ഉണ്ട്.

“രണ്ടു പേരും കൂടി പുറത്തിരുന്നു എന്താ പരിപാടി?” ചേട്ടൻ കുശലം ചോദിച്ചു കൊണ്ട് അകത്തേക്കു കയറി.ലിസേച്ചി കൂടെ ഉള്ളതു കൊണ്ടാണു ഈ പതിവില്ലാത്ത കുശലം,അല്ലായിരുന്നെങ്കിൽ ഇങ്ങനൊരു മനുഷ്യ ജീവൻ ഇവിടെ ഇരിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ അകത്തേക്കു പോകുന്ന ആളാ. ലിസേച്ചിയുടെ നിൽപ്പു കണ്ടാൽ അറിയാം അകത്തേക്കു കയറാൻ ഭാവമില്ലാ എന്നു. ലിസേച്ചി നടന്നു പാർവ്വതിയുടെ അടുത്തിരുന്നു.

“ബ്രൂണോ, നീ അങ്ങു ഫാറ്റി ആയല്ലോ” എന്നും പറഞ്ഞു അവർ അപ്പുവിനെ ഒന്നു തടവി. എന്നിട്ടു പാർവ്വതിയോടു ചോദിച്ചു, “ഇവന്റെ ബെൽറ്റ് എവിടേ?.”

“ഇവനെന്തിനാ ബെൽറ്റ്.വിളിച്ചാൽ അപ്പോൾ ഓടി വരും. പിന്നെ പുറത്തേക്കൊന്നും ഇവനെ കൊണ്ടു പോകാറില്ല.അതു കൊണ്ട് വേണ്ടാന്നു വച്ചു.”പാർവ്വതി പറഞ്ഞു.

അമ്മ അപ്പോൾ പുറത്തേക്കു വന്നു,“മോളെന്താ പുറത്തു തന്നെ ഇരുന്നേ വാ അകത്തു ഇരിക്കാം.” പത്തു മിനിറ്റ് മുൻപ് തന്നോട് വഴക്കിട്ടു പോയതു വേറെ ഏതോ സ്ത്രീ ആയിരുന്നു എന്നു പാർവ്വതിയ്ക്കു തോന്നി.

“സാരമില്ല ആന്റി, ഞങ്ങൾ ഇപ്പോൾ പോകും.ഡാഡിയ്ക്കു കൊടുക്കാൻ ഉള്ള  ഒരു പെൻ ഡ്രൈവ് എടുക്കാൻ കയറിയതാ.” ലിസ  അപ്പുവിനെ നോക്കി തുടർന്നു, “ബ്രൂണോയുടെ ബെൽറ്റ് എന്തിയേ ആന്റി, അതുണ്ടെങ്കിൽ അല്ലേ ഇവനെ കാണാൻ ഒരു എടുപ്പുള്ളു.” പാർവ്വതി അരിശത്തോടെ ലിസയെ നോക്കി. ലിസ അതു ശ്രദ്ധിച്ചില്ല.

“അതു ദേ ഈ പെണ്ണു എടുത്തു സ്റ്റോറിൽ കൊണ്ടു ഇട്ടു, അവനു അതിന്റെ ആവശ്യം ഇല്ലാ എന്നും പറഞ്ഞു.”

പ്രശാന്ത് അപ്പോൾ പുറത്തേക്കു വന്നു, “എന്താ? എന്തു പറ്റി?”

“അല്ലാ, മോളു ചോദിക്കുവായിരുന്നു ബ്രൂണോയുടെ ബെൽറ്റ് എന്തിയേ എന്നു?” അമ്മ പറഞ്ഞു.

“ശരിയാണല്ലോ, ബെൽറ്റ് എവിടേ?”

“ആ ബെൽറ്റ് കൊളുത്തു ഒരല്പം പൊട്ടി ഇരിക്കുവാ. അതാ ഞാൻ ഊരി മാറ്റിയെ.” പാർവ്വതി പറഞ്ഞു.

“എന്നാൽ നിനക്കതു എന്നെ നേരത്തെ ഒന്നു വിളിച്ചു പറഞ്ഞൂടെ ഞാൻ വരുമ്പോൾ പുതിയൊരണ്ണം വാങ്ങിയിട്ടു വരുമായിരുന്നല്ലോ.” പ്രശാന്ത് ചോദിച്ചു. പാർവ്വതി ഒന്നും മിണ്ടാതെ നിന്നു.

“നീ നാളെ വരുമ്പോൾ പുതിയതു ഒരെണ്ണം വാങ്ങിക്കൊണ്ടു വന്നാൽ മതി. ഇപ്പൊ നീ മോളെ കൊണ്ടു വീട്ടിലാക്കു, സമയം എത്ര ആയി എന്നാ?” അമ്മ പറഞ്ഞു. പാർവ്വതി അപ്പോൾ ഹാളിലെ ഡൊജിറ്റൽ ക്ലോക്കിൽ സമയം നോക്കി. 08:30pm. പ്രശാന്തിന്റെ ബൈക്കിനു പിന്നിൽ കയറി പോകുന്ന ലിസയെ തന്നെ നോക്കി, ചാവാലി പട്ടികൾ തന്നെ ആണോ യഥാർത്ഥ ശത്രു, എന്നു സംശയിച്ചു അവൾ നിന്നു.

ബൈക്കു ഗേയ്റ്റ് കടന്നതും അമ്മ അകത്തേക്കു പോയി സ്റ്റോർ റൂമിൽ കിടന്നിരുന്ന ആ പൊട്ടിയ ബെൽറ്റുമായി പുറത്തേക്കു വന്നു.

“അമ്മയ്ക്കു പറഞ്ഞാൽ മനസ്സിലാവില്ലേ, അതു പൊട്ടി ഇരിക്കുവാണെന്നു.”

“അത്രയ്ക്കു വലിയ പൊട്ടൽ ഒന്നുമില്ല,ഇനി ഇതിനു വേണ്ടി പുതിയൊരണ്ണം വാങ്ങുകയൊന്നും വേണ്ടാ.” അമ്മ ബെൽറ്റ് അപ്പുവിന്റെ കഴുത്തിലേക്കു കൊളുത്തി ഇടാൻ നോക്കി. കൊളുത്തിന്റെ പൊട്ടിയ ഒരു വശത്തെ മൂർച്ചയേറിയ ഭാഗം അപ്പുവിന്റെ പിൻകഴുത്തിൽ തുളഞ്ഞു കയറിയതു അമ്മ ശ്രദ്ധിച്ചില്ല. അപ്പു ബഹളം വയ്ക്കുവാൻ തുടങ്ങി. അമ്മ അവനെ ബലമായി പിടിച്ചു നിർത്തി ആ കൊളുത്തു ഇട്ടതിനു ശേഷം കൂട്ടിൽ കയറ്റി അടച്ചു. അപ്പു വേദന കൊണ്ട് കുരച്ചു ശരീരം ഇട്ടു ഇളക്കുവാൻ തുടങ്ങി.

കൂട്ടിനുള്ളിലെ അവന്റെ വെപ്രാളം കണ്ടു പാർവ്വതി അവിടെ തന്നെ നിന്നു.

“എന്തോന്നാടി നോക്കി നിക്കണേ, പോയിക്കിടന്നു ഉറങ്ങെടീ.” അമ്മ ദേഷ്യത്തിൽ പറഞ്ഞു.

“അമ്മാ അതു ടൈറ്റ് ആണെന്നാ തോന്നുന്നെ.അമ്മ അതൊന്നു അഴിച്ചു കെട്ടു.”

“ടൈറ്റ് ഒന്നുമല്ല, നീ കേറി പോടി അകത്തു.” അമ്മ ദേഷ്യത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു,“ അതിന്റെ തീട്ടം കോരാനും, തീറ്റ കൊടുക്കാനും, കൂടു വൃത്തിയാക്കാനും ഒക്കെ ഞാൻ ചെയ്തോണം. ഒന്നു സഹായിക്കാൻ തോന്നിയിട്ടില്ല അവൾക്കു.” അമ്മ ഒന്നു നിർത്തിയിട്ട് പാർവ്വതിയെ നോക്കി, പാർവ്വതി ദേഷ്യത്തിൽ അമ്മയെ തന്നെ നോക്കി നിന്നു.“എന്താടി നോക്കി പേടിപ്പിക്കുന്നോ നീ.” പാർവ്വതി ഒന്നും പറയാൻ നിൽക്കാതെ, തന്റെ മുറിയിലേക്കു പോയി ഫാൻ ഇട്ടു, പുതപ്പ് എടുത്തു മൂടിക്കിടന്നു.

ലിസേച്ചിയേ വീട്ടിലാക്കി മടങ്ങിയ ചേട്ടൻ ഗേറ്റ് അടച്ചു പൂട്ടുന്ന ശബ്ദം, അപ്പുവിന്റെ വെപ്രാളപ്പെട്ട കുരകൾക്കിടയിലൂടെ പാർവ്വതി കേട്ടു.

ചേട്ടൻ കയറി വന്നതും അമ്മയോട് ചോദിച്ചു, “ഉം, പറ, എന്താ പ്രശ്നം? നേരത്തേ വന്നു കേറിയപ്പോൾ മുഖമൊക്കെ വലിച്ചു കെട്ടി ഇരിക്കുന്നതു കണ്ടല്ലോ.”

“ നിന്റെ അനിയത്തി തന്നെ പ്രശ്നം.”

“അവൾ എന്തു ചെയ്തെന്നു?”

“ അവൾക്കു ഏതോ ചെക്കന്റെ കൂടെ പുറത്തു കറങ്ങാൻ പോണം എന്നു.അതിനു ഞാൻ സമ്മതിക്കാത്തതു കൊണ്ടു എന്നോട് ദേഷ്യം.”

അമ്മ ഇതു എന്തൊക്കെയാ പറയുന്നേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു പാർവ്വതി തിരിഞ്ഞു കിടന്നു.

“ചെക്കന്റെ കൂടെയോ? ഏതു ചെക്കന്റെ കൂടെ?” ചേട്ടൻ ചോദിച്ചു.

“ആഹ് എനിക്കു എങ്ങനെ അറിയാം.പോയി ചോദിക്ക്.നീ പിന്നെ എന്തിനു ഈ കുടുംബത്തിൽ ആണാണെന്നും പറഞ്ഞു ഇങ്ങനെ നടക്കണെ?” അമ്മ ശബ്ദം ഉയർത്തി.

“കിടന്നു തൊള്ള തുറക്കണ്ടാ,ഞാൻ ചോദിക്കാം.” ചേട്ടൻ പാർവ്വതിയുടെ മുറിയിലേക്കു വന്നു ലൈറ്റ് ഇട്ടു.

“പാറു,ടീ എഴുന്നേൽക്ക്.”

പാർവ്വതി കട്ടിലിൽ നിന്നും എഴുന്നേറ്റ് ഇരുന്നു.

“അമ്മ ഇതു എന്തോന്നു പറയുന്നെ?” ചേട്ടൻ ചോദിച്ചു.

“ഫ്രണ്ട്സ് എല്ലാരും കനകകുന്നിലെ ഫ്ലവർ ഷോ കാണാൻ പോകുന്നു അതിനു വരുന്നോ എന്നു ചോദിച്ചു,അതു ഞാൻ അമ്മയോട് ചോദിച്ചതാ ഇപ്പോ പ്രശ്നം ആയതു.”

ഹാളിൽ നിന്നും അതു കേട്ട അമ്മ പ്രതികരിച്ചു, “പിന്നേ, ‘എടാ’ എന്നൊക്കെ വിളിച്ചല്ലെ ഫ്രണ്ടസിനോട് സംസാരിക്കുന്നേ.”

ചേട്ടൻ മുറിയിൽ നിന്നുമിറങ്ങി ഹാളിലേക്കു പോയി, “അമ്മയ്ക്കു ഇപ്പോ എന്താ? അവൾ ആരെ ‘എടാ’ എന്നു വിളിച്ചെന്നു?”

“എനിക്കെങ്ങനെ അറിയാം.അവൾ അപ്പുറത്തു നിന്നു ഫോണിൽ സംസാരിക്കുന്നതു കേട്ടു,‘എടാ ഞാൻ വരുന്നില്ലാ നിങ്ങൾ പൊയ്ക്കോ’ എന്നു, ഒരുമ്പെട്ടവൾ!”

“അതിനു?? അവളതു അവളുടെ എതെങ്കിലും കൂട്ടുകാരിയോട് സംസാരിച്ചതാവും. ആഹ് ദാ, അവളുടെ ഫോൺ അല്ലേ അമ്മേടെ മുന്നിൽ ഇരിക്കുന്നതു അതു നോക്കിയാൽ മതിയല്ലോ,അറിയാലോ അവൾ ആരോടാ സംസാരിച്ചേ എന്നു.”

ചേട്ടൻ ഇത്രയൊക്കെ സപ്പോർട്ട് ചെയ്തു സംസാരിക്കും എന്നു പാർവ്വതി ഒട്ടും വിചാരിച്ചില്ല.അവൾക്കതൊരു അത്ഭുതം ആയിരുന്നു.

ഹാളിൽ നിന്നും അമ്മയുടെ ശബ്ദം വീണ്ടും കേട്ടു, ഈ പ്രാവശ്യം അൽപം ശബ്ദം താഴ്ത്തി ആയിരുന്നു പറഞ്ഞേ,“ എനിക്കൊരു മനസ്സമാധാനവും ഇല്ല. പത്രത്തിൽ ഒക്കെ ഓരോന്നു കാണുമ്പോൾ പേടിയാവാ.ഓരോരുത്തിമാരു ഓരോരുത്തന്മാരോടൊപ്പം ഒളിച്ചോടുന്നു, അവന്മാർ എല്ലാം കഴിഞ്ഞു തലയ്ക്കടിച്ചു കൊല്ലുന്നു, ഹോ!”

“അമ്മ എന്തിനു ഈ ആവശ്യം ഇല്ലാത്തതു ഒക്കെ വായിക്കാൻ പോണെ?” ചേട്ടൻ ചോദിച്ചു.

“അപ്പോ ഇതൊന്നും അറിയണ്ടേ? ഇവിടെ നടക്കുന്നതൊക്കെയല്ലേ ഈ അച്ചടിച്ചു വരുന്നതു.”

“അതേ, അതിനിപ്പോ എന്താ? പാറു അങ്ങനെ വഴി തെറ്റി പോകും എന്നു അമ്മയ്ക്കു തോന്നുന്നുണ്ടോ? അമ്മ ഈ ആവശ്യമില്ലാതെ ഓരോന്നു ആലോചിച്ചുകൂട്ടുന്നതാ പ്രശ്നം.”

പാർവ്വതി എല്ലാം കേട്ടുകൊണ്ട് കട്ടിലിൽ ഇരുന്നു.അപ്പു അപ്പോഴും നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു.

“എടാ നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.”, അമ്മ പറഞ്ഞു,“ പെണ്ണിന്റെ മനസ്സാ.എപ്പൊഴാ എന്താ തോന്നുക എന്നൊന്നും പറയാൻ പറ്റില്ല.മാത്രമല്ല അവളുടെ പ്രായവും ശരിയല്ലാ.”

“ശരി സമ്മതിച്ചു. അതുകൊണ്ടു ഇപ്പൊ എന്തു വേണം എന്നാ അമ്മ പറയുന്നേ?” ചേട്ടൻ ചോദിച്ചു. അമ്മ ശബ്ദം വളരെ താഴ്ത്തി എന്തോ പറഞ്ഞു. പാർവ്വതിയ്ക്കു അതു കേൾക്കാൻ സാധിച്ചില്ല.അവൾ കട്ടിലിൽ നിന്നു എഴുന്നേറ്റു മുറിയുടെ വാതിലിനു അടുത്തേക്കു ചെന്നു നിന്നു.

“അവൾക്കതിനുള്ള പ്രായം ആയോ?” ചേട്ടൻ ചോദിച്ചു.

“പതിനെട്ടായില്ലേ?”

“അപ്പോ അവളുടെ പഠിപ്പോ?”

“അതൊക്കെ കല്ല്യാണം കഴിഞ്ഞും പഠിക്കാല്ലോ.” ചേട്ടൻ മിണ്ടാതെ നിന്നു.കുറച്ചു നേരത്തേക്കു ആ ഹാളിൽ ഫാൻ മാത്രം ശബ്ദിച്ചു.

“നീ എന്താ ഒന്നും മിണ്ടാത്തെ?” അമ്മ ചോദിച്ചു.

“ഞാൻ ഇപ്പോ ഇതിൽ എന്താ പറയാ? അവൾ അല്ലേ തീരുമാനിക്കേണ്ടതു?”

“ആഹാ? നീയല്ലേ ഈ കുടുംബത്തിലെ ആണു? നിനക്കങ്ങു തീരുമാനിച്ചാൽ എന്താ?”

ചേട്ടൻ പിന്നെയും മിണ്ടാതെ നിന്നു. അമ്മ തുടർന്നു,“സരസ്വതി ചേച്ചിയെ കണ്ടു ഇന്നു.അവരുടെ പരിചയത്തിൽ ഒരു പയ്യൻ ഉണ്ടെന്നു. റെജിസ്റ്റ്രേഷൻ ഡിപ്പാർട്ട്മെന്റിലാ ജോലി. ഒറ്റ മോൻ.”

“ആഹ് ആ..അങ്ങനെ വരട്ടെ.അപ്പോ അതാണു കാര്യം. ഈ ആലോചന മുന്നോട്ട് കൊണ്ട് പോയാൽ കൊള്ളാം എന്നു അമ്മയ്ക്കു ഉണ്ടു. അതിനായിരുന്നു അപ്പൊ ഈ നാടകം അല്ലേ?” ചേട്ടൻ ചോദിച്ചു.

“നാടകോ? എന്തു നാടകം? എന്റെ ഉള്ളിലെ ആധിയൊന്നും നിനക്കറിയേണ്ടല്ലോ.” അമ്മയും ചേട്ടനും അവരുടെ ചർച്ച തുടർന്നു. ചർച്ചാവിഷയം തന്റെ ജീവിതം ആണെങ്കിലും,അതിൽ തനിക്കു അഭിപ്രായസ്വാതന്ത്ര്യം ഒന്നുമില്ലാ എന്നു അറിയാമായിരുന്ന പാർവ്വതി മുറിയിലെ ലൈറ്റ് അണച്ചു ജനാലയുടെ അടുത്തു ചെന്നു നിന്നു പുറത്തേക്കു നോക്കി. അപ്പുവിന്റെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല. അവൻ ഉറങ്ങിക്കാണും.

കോളേജ് അവധി ആയതു കൊണ്ട് താമസിച്ചു എഴുന്നേറ്റാൽ മതി എന്നു കരുതി മൂടി പുതച്ചു കിടന്ന പാർവ്വതി, പക്ഷേ അമ്മ ചേട്ടനെ വിളിക്കുന്നതു കേട്ടു ഉണർന്നു.“ എടാ പ്രശാന്തേ, ഇങ്ങു വാടാ വേഗം.” അമ്മയുടെ ശബ്ദത്തിൽ നിന്നു തന്നെ പാർവ്വതിയ്ക്കു പുറത്തു എന്തോ സംഭവിച്ചു എന്നു മനസ്സിലായി. അവൾ പുറത്തേക്കു ചെന്നപ്പോൾ, ഓഫീസിൽ പോകാൻ റെഡി ആയി ചേട്ടനും പുറത്തേക്കു വന്നു. അമ്മ അപ്പുവിന്റെ കൂടു തുറന്നു നിൽക്കുവാണു.പക്ഷേ അവൻ അപ്പൊഴും കൂട്ടിനു അകത്തു തന്നെ കിടക്കുന്നു,കൂട്ടിൽ നിറയെ ചോരയും ഉണ്ടു.

“ഇതെന്തു പറ്റി ഇവനു?” ചേട്ടൻ കൂട്ടിനു മുന്നിൽ രണ്ടു കാലിൽ കുത്തിയിരുന്നു അകത്തേക്കു നോക്കി കൊണ്ടു ചോദിച്ചു.

“അവന്റെ കഴുത്തിൽ നിന്നു ചോര വരുന്നുണ്ട്.ചത്തിട്ടില്ല.എന്തെങ്കിലും കടിച്ചതാണോ എന്തോ?” അമ്മ പറഞ്ഞു

പാർവ്വതിയ്ക്കു അവന്റെ കിടപ്പു കണ്ടു വിഷമം സഹിക്കാനായില്ല. അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു,“ ആ ബെൽറ്റ് ഇറുകി കാണും ഇന്നലെ ഇട്ടപ്പോൾ.ഞാൻ അമ്മയോട് പറഞ്ഞതല്ലേ അപ്പോഴേ.”

“പോടി അതു കൊണ്ടൊന്നുമല്ലാ.” അമ്മ പറഞ്ഞു.

പ്രശാന്ത് കൂടിനു ചുറ്റും ഒന്നു നോക്കി,“ ഏയ്, ഒന്നും കടിച്ചതാവില്ല.” എന്നിട്ട് അപ്പുവിന്റെ മുന്നിൽ വന്നു ഇരുന്നു,“ ബെൽറ്റ് ഇട്ടതിന്റെ എന്തോ പ്രശ്നം തന്നെ ആണു.”

“ഇനിയിപ്പോ എന്താ ചെയ്യാ?” പാർവ്വതി ചോദിച്ചു.

പ്രശാന്ത് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു, ഡയൽ ചെയ്തു കൊണ്ടു എഴുന്നേറ്റു,“ ലിസയെ വിളിക്കാം, അവളുടെ ഏതോ ഒരു കൂട്ടുകാരി വെറ്റിനറി ഡോക്ടറാ.”  പാർവ്വതി നിറകണ്ണുകളോടെ അപ്പുവിനെ നോക്കി, എന്നിട്ടു അമ്മയെ നോക്കി. അമ്മ അപ്പുവിനെ തന്നെ നോക്കി നിൽക്കുവാണു.

“ആഹ് ലിസാ, നിന്റെ ഒരു ഫ്രണ്ട് ഇല്ലേ ഒരു വെറ്റിനറി ഡോക്ടർ… ദിവ്യ,യെസ്. അയാളെ ഒന്നു വിളിച്ചു കൊണ്ടു ഇങ്ങോട്ടെക്കു വരുമോ? അമ്മ ഇന്നലെ ബ്രൂണോയ്ക്കു ബെൽറ്റ് ഇട്ടു കൊടുത്തതു എന്തോ ശരിയായില്ല. ദാ ഇപ്പോ, അവന്റെ കഴുത്തിൽ നിന്നൊക്കെ ചോര വരുന്നു…..ഇല്ലില്ല ജീവനുണ്ട്, നീ വേഗം ആയാളെയും കൂട്ടി വാ” ചേട്ടൻ ഫോൺ കട്ട് ചെയ്തു പിന്നെയും കൂടിനു മുന്നിൽ ഇരുന്നു. “ബ്രൂണോ…ബ്രൂണോ” ചേട്ടന്റെ വിളിയ്ക്കു അവൻ ചെറുതായി ഒന്നു ശബ്ദമുണ്ടാക്കി.

“നീ അകത്തു ചെന്നു കുറച്ചു വെള്ളം എടുത്തിട്ടു വന്നേ.” അമ്മ പറഞ്ഞതു കേട്ടു പാർവ്വതി വെള്ളം എടുക്കാൻ അടുക്കളയിലേക്കു ഓടി.വെള്ളം കൊണ്ടു വന്നു അവന്റെ മുന്നിൽ വച്ചു. അവൻ പക്ഷേ അതു കുടിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ലിസ തന്റെ സ്കൂട്ടിയിൽ ഡോക്ടറുമായിട്ട് എത്തി.

“എന്താ പറ്റിയെ?” ലിസ ചോദിച്ചു.

“അറിയില്ല മോളേ, കുറച്ചു മുന്നേ ഞാൻ നോക്കിയപ്പോൾ കൂടു മുഴുവനും രക്തം. ബെൽറ്റൊക്കെ ഞാൻ ഇന്നലെ ശരിയായി തന്നെ ഇട്ടു കൊടുത്തതാ. ഇപ്പൊ ഇതെന്തു പറ്റിയെന്നു ഒരു പിടിയുമില്ല.” അമ്മ പറഞ്ഞു

ഡോക്ടർ ദിവ്യ കൈയ്യിൽ ഗ്ലൗസ് ഒക്കെ ഇട്ടു അപ്പുവിനെ എടുത്തു പുറത്തേക്കു കിടത്തി. എന്നിട്ട് അവന്റെ കഴുത്തിൽ നിന്നും ആ ബെൽറ്റ് ഊരി എടുത്തു. അപ്പു വേദന കാരണം ശബ്ദം ഉണ്ടാക്കി.

“എന്താ പറ്റിയെ ദിവ്യാ?” ലിസ ചോദിച്ചു.

ദിവ്യ ആ ബെൽറ്റിലെ പൊട്ടിയ കൊളുത്തു കാണിച്ചു കൊണ്ടു പറഞ്ഞു, “ദാ ഇതു കണ്ടോ ഈ കൊളുത്തിലെ പൊട്ടിയ ഭാഗത്തെ ഷാർപ്പ് എഡ്ജ്. ഇതു ബെൽറ്റ് ഇട്ടപ്പോഴോ മറ്റോ ഇവന്റെ കഴുത്തിലേക്കു തുളഞ്ഞു കയറിയിരുന്നു.” എന്നിട്ടു പ്രശാന്തിനോടു ചോദിച്ചു, “ഇന്നലെ ഇവൻ ബഹളം ഉണ്ടാക്കിയോ?”

“ആഹ് കുറേ ബഹളം ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചാടി.” പാർവ്വതിയാണു പറഞ്ഞതു.

“എന്നിട്ടും നിങ്ങൾ ആരും ഇവനെ ശ്രദ്ധിച്ചില്ലെ? അനങ്ങിയതു കൊണ്ടാവും, ആ കൊളുത്തു കഴുത്തിന്റെ ഒരു ഭാഗത്തു വലിയൊരു മുറിവ് ഉണ്ടാക്കിയിട്ടുണ്ട്.”

“ഇനി എന്താ ചെയ്യാ ദിവ്യാ?” ലിസ ചോദിച്ചു.

“വെയ്റ്റ്,ലെറ്റ് മീ സീ.. ഈ വെള്ളം നല്ല വെള്ളം ആണോ?” ദിവ്യ ചോദിച്ചു.

“അതേ, ഇപ്പോ കൊണ്ടു വച്ചതെ ഉള്ളു.” പാർവ്വതി പറഞ്ഞു.

ദിവ്യ ആ വെള്ളം പതിയെ അപ്പുവിന്റെ മുറിവിന്റെ ഭാഗത്തേക്കു ഒഴിച്ചു, മുറിവു ഒന്നു കഴുകി. എന്നിട്ടു കുറച്ചു നേരം നോക്കി ഇരുന്നിട്ടു എഴുന്നേറ്റു ഗ്ലൗസ് ഒക്കെ ഊരി മാറ്റി.

“വാട്ട്?” ലിസ ചോദിച്ചു.

“ഇറ്റ്സ് റിയലി ബാഡ്.ഇറ്റ് വോണ്ട് സർവൈവ്.” ദിവ്യ പറഞ്ഞു.

പാർവ്വതി കരഞ്ഞു.

“നിങ്ങൾ ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ എന്തിനാ ഈ പൊട്ടിയെ ബെൽറ്റ് എടുത്തു അതിനു ഇട്ടു കൊടുത്തേ?” ദിവ്യ ചോദിച്ചു.

“പ്രശാന്ത്, ഇന്നു പുതിയ ബെൽറ്റ് വാങ്ങാം എന്നു പറഞ്ഞിരുന്നതല്ലേ, പിന്നെന്തിനാ ഇതെടുത്തു ഇട്ടു കൊടുത്തേ?” ലിസ ചോദിച്ചു.

പാർവ്വതി അമ്മയെ നോക്കി നിന്നു. അമ്മ അപ്പോൾ ദിവ്യയോടു ചോദിച്ചു,“ ഇനിയിപ്പോൾ എന്താ ചെയ്യാ മോളെ?”

“ഇനിയൊന്നും ചെയ്യാനില്ല. ഇങ്ങനെ വച്ചു കൊണ്ടിരുന്നാൽ ആ മുറിവിൽ ഒക്കെ പുഴുവരിക്കും. പിന്നെ അതു നിങ്ങൾക്കും കൂടി പ്രശ്നമാകും.” ദിവ്യ പറഞ്ഞു, “മേഴ്സി കില്ലിംഗ് നടത്തുന്നതായിരിക്കും നല്ലതു. എന്തായാലും ഇതു ചാവും. ഇറ്റ്സ് സച്ച് എ ബാഡ് വൂണ്ട്. നമുക്കതു പെയിൻലെസ്സ് ആക്കി കൊടുക്കാം എന്നേ ഉള്ളു.”

പാർവ്വതി കരഞ്ഞു കൊണ്ടു മുറിയിലേക്കു നടന്നു. കട്ടിലിൽ കിടന്നു അവൾ ഒരുപാടു കരഞ്ഞു. പുറത്തു നിന്നു ദിവ്യയുടെ ശബ്ദം അവ്യക്തമായി അവൾ കേട്ടു,“ ഞാൻ ക്ലിനിക്കിൽ പോയി അറ്റെൻഡൻസ് വച്ചിട്ടു ഒരു പത്തര ഒക്കെ ആകുമ്പോൾ വരാം. ആന്റി ഇവിടെ കാണില്ലേ?…ഓക്കേ അതു മതി.” കുറച്ചു സമയം കഴിഞ്ഞു ചേട്ടന്റെ ബൈക്കും ലിസേച്ചിയുടെ സ്കൂട്ടിയും സ്റ്റാർട്ട് ആകുന്ന ശബ്ദം അവൾ കേട്ടു. ആ കിടപ്പിൽ അവളറിയാതെ ഒന്നു മയങ്ങി പോയി.

ഹാളിൽ ഒരു അപരചിതയുടെ ശബ്ദം കേട്ടാണു അവൾ ഉണർന്നതു. ആരാണെന്നറിയാൻ അവൾ ഹാളിലേക്കു ഒളിഞ്ഞു നോക്കി, പക്ഷേ ആ സ്ത്രീ അപ്പോഴേക്കും അവളെ കണ്ടു കഴിഞ്ഞിരുന്നു.“കണ്ടു കണ്ടു ഇങ്ങു പോരെ.” അവർ പറഞ്ഞു.

പാർവ്വതി താല്പര്യക്കുറവോടെ ഹാളിലേക്കു ചെന്നു. ആ സ്ത്രീ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു, “ഇപ്പോ എഴുന്നേറ്റതേ ഉള്ളോ മോളു? പെൺകുട്ട്യോളു കാക്ക കരയുന്നതിനു മുന്നേ എഴുന്നേൽക്കണം എന്നാ.”

“ഞാൻ പറഞ്ഞില്ലേ ചേച്ചി, അവൾക്കു സുഖമില്ല.കണ്ടില്ലേ മുഖമൊക്കെ ആകെ വാടി ഇരിക്കുന്നതു.” അമ്മ പറഞ്ഞു.

പാർവ്വതിയുടെ മനസ്സ്, അപ്പുവിനു എന്തായി എന്നാലോചിക്കുവായിരുന്നു അപ്പോൾ. അവൾ ക്ലോക്കിലേക്കു നോക്കി, സമയം പത്തരയായിട്ടില്ല. മുന്നിൽ, അമ്മയോട് വെളുക്കെ ചിരിച്ചു കൊണ്ടു സംസാരിച്ചിരിക്കുന്ന ആ സ്ത്രീയെ കാണാൻ രാവിലെ വന്ന വെറ്റിനറി ഡോക്ടർ ദിവ്യയെ പോലെ ഉണ്ടു എന്നു അവൾക്കപ്പോൾ തോന്നി. അവൾ ഒന്നും പറയാതെ പുറത്തേക്കു ഇറങ്ങി,അപ്പുവിന്റെ കൂടിനു അടുത്തേക്കു പോയി. അവൻ അപ്പോഴും ചെറുതായി ശബ്ദം ഉണ്ടാക്കി കൊണ്ടു അവശനായി കിടക്കുവായിരുന്നു.

നിർവികാരതയോടെ അവനെ നോക്കി പാർവ്വതി പറഞ്ഞു “കുറച്ചു നേരം കൂടി കഴിഞ്ഞാൽ ആ ദിവ്യ ഡോക്ടർ വന്നു നിനക്ക് എന്തെങ്കിലും മരുന്നു കുത്തി തരും. നീ പതിയെ ഉറങ്ങും. ഈ വേദന എല്ലാം അപ്പോ പോകും. പിന്നെ ഒരിക്കലും ഒരു ചാവാലി പട്ടിയും നിന്നെ ഉപദ്രവിക്കാൻ വരും എന്ന ഭയം അമ്മയ്ക്കുണ്ടാവില്ല. നീ സ്വതന്ത്രനാകും. എല്ലാ ജീവജാലങ്ങൾക്കും ലഭിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം.”

അകത്തു ഇരുന്നിരുന്ന സ്ത്രീയും അമ്മയും പുറത്തേക്കു വന്നു. അമ്മ അവരോട് പറഞ്ഞു,“ സരസ്വതി ചേച്ചി നല്ലൊരു ദിവസം നോക്കി അവരോട് ഇങ്ങോട്ടു വരാൻ പറ.”

“ശരി, അതു ഞാൻ പറഞ്ഞോളാം.” അവർ അമ്മയോട് യാത്ര പറഞ്ഞു പാർവ്വതിയുടെ അടുത്തേക്കു വന്നു ചിരിച്ചു കൊണ്ടു പറഞ്ഞു,“പോട്ടെ മോളേ.” പാർവ്വതി തലയാട്ടുക മാത്രം ചെയ്തു.ഗെയ്റ്റ് തുറന്നു ഇറങ്ങി പോകുന്ന അവരെ നോക്കി നിറകണ്ണുകളോടെ പാർവ്വതി നിന്നു. പാതിയടഞ്ഞിരുന്ന അപ്പുവിന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.

2 thoughts on “ദയാവധം

  1. വളരെ മനോഹരമായ എഴുത്ത് ശൈലി. മനുഷ്യരുടെ മനോഭാവങ്ങൾ കൃത്യമായി വർണ്ണിക്കാൻ കഴിവുള്ള എഴുത്ത്കാരന് ആശംസകൾ.

    • എനിക്കിതു വരെ ലഭിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ അംഗീകാരമായി ഞാൻ ഈ അഭിപ്രായത്തെ കാണുന്നു. വളരെയധികം നന്ദി 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s