ഒഴുകിയൊഴിഞ്ഞൊരാ നീർച്ചാലിലെവിടെയോ
ഓർമ്മകൾ തെറ്റിയപോലൊരു നീർത്തുള്ളി
ദിക്കറിയാതെ, ദിശയറിയാതെ
സ്നേഹമെന്നോമന പേരുള്ള തുള്ളി.
വറ്റാതെന്തിനു നിന്നു ഈ മരുഭൂവിൽ നീ
ചുറ്റുമേ കാണ്മതെല്ലാം, ചോര തൻ ചാലുകൾ സഖീ
ഒട്ടുമേയില്ലിനി ഈ ഉലകിൽ നീ, എപ്പോഴോ
നട്ടൊരാ നന്മ തൻ വൃക്ഷങ്ങൾ.
ഒഴുകുവാൻ വഴികൾ തേടുന്നയാ
അഴുകിയ ഞാനാം ഭാവത്തിൻ പുഴകൾ
തഴുകുവാനെത്തുന്ന നേരത്തിനായി നിൽക്കാതെ
ഒഴുകു നീ കാലമാം യവനികയിലേക്ക്.
“തെറ്റിയതല്ലെൻ ഓർമ്മകൾ, മിത്രമേ
വറ്റുകയുമില്ല ഞാനെന്നേക്കുമേ
ചുറ്റുമേ ഉള്ളൊരീ ചോര തൻ ചാലുകൾ, നിൻ
ചിത്തമതുള്ളൊരു കാലമോളം,
മൊത്തമായി മൊത്തമായി മായ്ഞ്ഞിടുന്നു
മൊത്തമായി മൊത്തമായി മായ്ഞ്ഞിടുന്നു.
എത്തുവാനേറെ നേരമതില്ലിനി
പുതു മുത്തുകൾ പൊഴിയുമാ സ്നേഹമഴ
ഒഴുകുമീ ഭൂവിൽ സ്നേഹാനുഭൂതികൾ, വീണ്ടും
വളരുമീ മണ്ണിൽ നന്മയാം തളിരുകൾ.”
~abhy~