ഓർമ്മയാം വിത്തുകൾ

ഓർമ്മയാം വിത്തുകൾ വീണുറങ്ങിയൊരു വഴിത്താരയുണ്ട്, മനസ്സിൻ കോണിലെവിടെയോ നനവോരുമോരോ കുളിർമഴയിലും പുതുനിനവുകളായി മുളയ്ക്കാനാശിക്കുന്ന വിത്തുകൾ പുഞ്ചിരിയേകുന്നയോരോ നൊമ്പരങ്ങളുടെയും, നൊമ്പരമേകുന്നയോരോ പുഞ്ചിരികളുടെയും വിത്തുകൾ. വേരുകളന്നേ ഹൃദയത്തിനടിത്തട്ടിൽ വേണ്ടോളമുറപ്പിച്ച വിത്തുകൾ മുളയ്ക്കേണ്ടതില്ലെന്നതിനാൽ കല്ലിട്ടു മൂടിയിട്ടുമാ പാതയിലിന്നും മുൾച്ചെടികളിലെങ്ങനോ മുല്ല പോലെ, മുളയ്ക്കുന്നു വീണ്ടുമാ വിത്തുകൾ യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്നീ ജീവിതത്തിൽ ഇനി ജനിച്ചാലും, വെറുമൊരു പാഴ്ചെടി മാത്രമാം ഓർമ്മയാം വിത്തുകൾ ~ അഭിമന്യു ~