മണിമേളം എന്ന പരിപാടിയിലൂടെ എനിക്കു കൂടുതൽ സുപരിചതയായ കവിത നായരുടെ ആദ്യ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാനായി ഞാൻ മിനിഞ്ഞാന്നു എറണാകുളത്തായിരുന്നു. ഒരുപാട് സെലിബ്രിറ്റീസ് പങ്കെടുത്ത ആ ചടങ്ങിൽ കലാഭവൻ മണി എന്തു കൊണ്ടു വന്നില്ല എന്ന് ഞാൻ അപ്പോൾ ആലോചിച്ചു. തിരക്കുള്ള ആൾ അല്ലേ എന്തെങ്കിലും അസൗകര്യം ഉണ്ടായിരുന്നായിരിക്കും.
ചടങ്ങ് കഴിഞ്ഞു തിരികെ ഞാൻ റൂമിൽ എത്തി ടി.വി ഓൺ ചെയ്തപ്പോൾ അതിൽ ഹസ്ബൻഡ്സ് ഇൻ ഗോവ എന്ന സിനിമ. അതിലെ മണിച്ചേട്ടന്റെ അഭിനയം കണ്ടു ഞാൻ വെറുതേ ചിന്തിച്ചു, മന്നാടിയാർ പെണ്ണിനു ചെങ്കോട്ടെ ചെക്കൻ എന്ന സിനിമയിലെ കൊമഡി കാണിച്ച അതേ ആൾ തന്നെ ആണു ഇതെന്നു വിശ്വസിക്കാനേ കഴിയുന്നില്ലല്ലോ,എന്നു.
തിരികെ തിരുവനന്തപുരത്തു ഇന്നലെ രാത്രി എത്തിയ ഞാൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങ് ഏരിയയിൽ നിന്നും കാറുമെടുത്തു വീട്ടിലേക്കു പോകുന്ന വഴിയിൽ ഏതോ അമ്പലത്തിന്റെ ഉത്സവം പ്രമാണിച്ചു റോഡ് സൈഡിൽ കെട്ടിയിട്ടുള്ള സ്റ്റേജിൽ നടക്കുന്ന ഗാനമേള കാരണം ഉണ്ടായ ബ്ലോക്കിൽ കിടന്നു നട്ടം തിരിയുവായിരുന്നു.അപ്പോഴാണു സുഹൃത്തു സന്ദീപിന്റെ കോൾ വന്നതു, “എടാ, കലാഭവൻ മണി മരിച്ചെന്നു.” ഒരു നടുക്കം ഉണ്ടായെങ്കിലും ഞാൻ തിരിച്ചു അധികം ഒന്നും പറയാതെ ഡ്രൈവിങ്ങിലാണു എന്നു പറഞ്ഞു കോൾ കട്ട് ചെയ്തു. ആ വാർത്ത വിശ്വസിക്കാൻ ഞാൻ തയ്യാറായിരുന്നില്ല, കാരണം പല നടീനടന്മാരെയും പല കുറി കൊന്ന സോഷ്യൽ മീഡിയകളിൽ നിന്നും അവനു ലഭിച്ചതായിരിക്കും ഇതും എന്നു ഞാൻ കരുതി. ബ്ലോക്ക് മാറി പതിയെ വാഹനങ്ങൾ ചലിച്ചു തുടങ്ങിയപ്പോൾ, സ്റ്റേജിലെ ഗായകൻ അടുത്ത പാട്ട് പാടി തുടങ്ങിയിരുന്നു, “ഓടണ്ട ഓടണ്ടാ, ഓടി തളരേണ്ടാ…”. മുന്നോട്ടു പോകുമ്പോൾ പാട്ടിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു. റിയർ വ്യൂ മിററിലൂടെ ആ പാട്ടിനു ചുവടു വയ്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടു.
രണ്ടു അമ്പലങ്ങളിലെ ഉത്സവങ്ങൾ ഒരുമിച്ചു നടക്കുന്നതിന്റെ ബഹളങ്ങളിൽ പെട്ട് കിടക്കുന്ന എന്റെ വീട്ടിലേക്കു എത്തിയ ഞാൻ ആദ്യം ചെയ്തതു ടി.വി ഓൺ ചെയ്തു വാർത്താ ചാനൽ കാണുകയായിരുന്നു. കേട്ടതു സത്യമാണെന്നു Breaking News സ്ക്രോളുകൾ പറഞ്ഞു. അമ്പലങ്ങളിലെ പരിപാടികളുടെ ബഹളങ്ങൾ നിശബ്ദമാക്കിയ ടി.വി-യിലെ സ്ക്രോളുകൾ അവിശ്വസ്നീയമായി നോക്കി നിന്ന എന്റെ മനസ്സ്, അപ്പോൾ ആ ബഹളങ്ങൾക്കിടയിൽ നിന്നും, രണ്ട് അമ്പലങ്ങിളിലെ ഏതോ ഒരു അമ്പലത്തിന്റെ സ്പീക്കറിൽ നിന്നും വന്ന ആ പാട്ടിനെ ശ്രദ്ധിച്ചു, “ആ പരലീപരലു പരലീ പൂവാലി പരലു പരലു…”
മണിച്ചേട്ടാ, താങ്കളെ ആരും മറക്കില്ലൊരിക്കലും. ഞങ്ങൾ മലയാളികൾക്കു അതിനു സാധിക്കില്ലൊരിക്കലും. Rest In Peace 😦