ഒരു പുതിയ കഥ

അമ്മ തന്നെയായിരുന്നു അയാളുടെയും അലാറം. അടുക്കളയുദ്ധത്തിൽ നിന്നും ഒരു നിമിഷം പോലും പിന്മാറുവാൻ തയ്യറാകാത്തയാ ധീരവനിത, എന്നും മൊബൈൽ ഫോണിലൂടെ ആയിരുന്നു മകനെ വിളിച്ചുണർത്തിയിരുന്നതു. ആ വിളി വന്നു കഴിഞ്ഞാൽ അയാളുടെ മുറിയിൽ പ്രകാശം പരക്കുകയായി അയാളുടെ ഒരു ദിവസം തുടങ്ങുകയായി. ടീ-ഷർട്ടും ട്രാക്സും ഷൂസും ഇട്ടു, അടുക്കളയിലെ തീന്മേശപ്പുറത്തു അമ്മ തയ്യാറാക്കി വച്ചേക്കുന്ന തേൻ ചേർത്ത ഇളം ചൂടുള്ള നാരങ്ങാ വെള്ളവും കുടിച്ചു, തൊട്ടു പിന്നിൽ ഒരു വണ്ടി വന്നു ഹോണടിച്ചാൽ പോലും കേൾക്കാത്തത്ര ഉച്ചത്തിൽ, കർണ്ണപുടങ്ങിളിലേക്ക് ഇറക്കി വച്ച ഹെഡ്സെറ്റിൽ നിന്നും ന്യൂജനറേഷൻ സംഗീതസംവിധായകരുടെ പാട്ടും വച്ചു, അയാൾ പ്രഭാതസവാരിക്കു ഇറങ്ങും. സവാരി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മുൻവശത്തു പത്രവും വായിച്ചിരിക്കുന്ന അച്ഛനെ ഒരു സഹതാപത്തോടെ നോക്കി, “എപ്പോഴും ന്യൂസും ന്യൂസ്പേപ്പറും മാത്രം. ഇങ്ങനെ നെഗറ്റിവിറ്റീ തലയിൽ കേറ്റിക്കൊണ്ടിരുന്നാൽ ഇങ്ങേർക്ക് ഭ്രാന്താവില്ലേ?”, എന്നു ചിന്തിച്ചുകൊണ്ട് അയാൾ തന്റെ മുറിയിലേക്ക് വേഗം തിരിച്ചു കേറി.തലേ ദിവസം രാത്രി ഫെയ്സ്ബുക്കിൽ ഇട്ട ഫോട്ടോയ്ക്ക് കിട്ടിയ കമന്റിനൊക്കെ റിപ്ലൈ കൊടുക്കാനുള്ളതാ. കൂട്ടത്തിൽ നമ്മുടെ മമ്മൂക്കയെ കൊച്ചാക്കിയ നടിയെ നാലു തെറിയും പറയണം. മമ്മൂക്കാ ഫാൻ ഒന്നുമല്ലാ, ഇപ്പോൾ ഉള്ളതിനെക്കാളും മികച്ച ഒരു ജോലി ചിലപ്പോൾ അതു വഴി കിട്ടിയേക്കാം. പ്രഭാതകർമ്മങ്ങൾക്ക് ശേഷം, വീർപ്പ്മുട്ടുന്നയാ എക്സിക്യൂട്ടിവ് വേഷവിധാനത്തിലേക്ക് സ്വയം വരിഞ്ഞു മുറുക്കി അയാൾ ഇറങ്ങി, അടുക്കളയിലേക്ക് ഉച്ചഭക്ഷണം എടുക്കുവാനായി ചെന്നു.

“എടാ,എന്റെ റേഡിയോ വർക്ക് ആവുന്നില്ലാ.” അമ്മ പറഞ്ഞു.

“ബാറ്ററി തീർന്നുകാണും.”

“ബാറ്ററി വാങ്ങിച്ചിട്ട് ഒരു മാസം പോലും ആയില്ല. നീയൊന്നു ശരിയാക്കി താ.”

“ഞാൻ എങ്ങനെ ശരിയാക്കാൻ?” ദേഷ്യം കലർന്ന ഒരു അത്ഭുതത്തോടെ അയാൾ ചോദിച്ചു.

“നീ ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങ് ഒക്കെ പഠിച്ചതല്ലേ. നിനക്കറിയില്ലേ ഇതു ശരിയാക്കാൻ?”

“ഓഹ് പിന്നേ, എന്നെ ഇതൊക്കെ അല്ലേ അവിടെ പഠിപ്പിച്ചതു. അമ്മയൊന്നു ചുമ്മാതിരി.”

“പിന്നെ നിന്നെ അവിടെ എന്തോന്നു പഠിപ്പിച്ചതു? വെറുതെ കാശ് കളഞ്ഞ്.”

അമ്മയുടെ ആ തമാശ അത്രയ്ക്കങ്ങു സുഖിക്കാതെ, അയാൾ ചോറ്റ് പാത്രവുമെടുത്തു, അപ്പോഴും പത്രം വായിച്ചിരിക്കുന്ന അച്ഛനെ തെല്ലൊന്നു ശ്രദ്ധിയ്ക്ക പോലും ചെയ്യാതെ കൊടുങ്കാറ്റ് പോലെ ഇറങ്ങി, കർണ്ണപുടങ്ങളിൽ പിന്നെയുമാ ഹെഡ്സെറ്റ് തിരുകി, പുറത്തു വച്ചിരുന്ന തന്റെ ബൈക്കിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു.

അമ്മയുടെ തമാശ തന്റെ ആത്മാഭിമാനത്തിനേല്പിച്ച മുറിവിൽ നിന്നും ഉരിത്തിരിഞ്ഞ കോപം അയാൾ റോഡിലെ സഹയാത്രികരോട് തീർത്തു. ഇൻഡിക്കേറ്റർ ഇടാതെ പെട്ടന്നു ഇടതു വശം ചേർത്തു നിർത്തിയ തൊട്ടു മുന്നിലെ ഓട്ടോറിഷയുടെ ഡ്രൈവറെ, അയാൾ നമ്മുടെ ശ്രേഷ്ഠഭാഷയിലെ അങ്ങേയറ്റത്തെ ശ്രേഷ്ഠ വാക്കുകൾ കൊണ്ട് അഭിഷേകം ചെയ്തു, താനെത്തിയപ്പോൾ തന്നെ കമ്മ്യൂണിസ്റ്റുകാരനായ ട്രാഫിക്ക് ലൈറ്റിനോട് അയാൾ ആക്രോശിച്ചു,“ കുലംക്കുത്തീ, കടക്ക് പുറത്ത്.” അയാളെക്കാളേറെ ആത്മാഭിമാനം ഉണ്ടായിരുന്ന ട്രാഫിക്ക് ലൈറ്റ്, ആ ആക്രോശത്തിനു മറുപടിയെന്നോണം പോയി ലീഗിൽ ചേർന്നു. ഉണങ്ങാത്തയാ മുറിവുമായി അയാൾ ഓഫീസിൽ എത്തി, ഓഫീസ് അന്തരീക്ഷം ചാനൽ ചർച്ചകൾ പോലായി.

ചർച്ച കഴിഞ്ഞു മടങ്ങും നേരം ഒന്നു തൊണ്ട നനയ്ക്കാനായി അയാൾ ഒരു ഹോട്ടലിൽ കയറി. ആരോടും ഒരു പക്ഷപാതവും വച്ചുപുലർത്താത്ത അയാൾ, തന്റെ വയറിനു വിഷമമാവണ്ട എന്നു കരുതി ആറു പൊറോട്ടയും ഒരു ബീഫും പറഞ്ഞു. ചുറ്റുമിരുന്ന ഹിന്ദുത്വവാദികൾ അയാളെ ചിറഞ്ഞു. ‘ ഇവിടെ മൂത്രമൊഴിക്കരുതു, എന്നെഴുതി വച്ചിരിക്കുന്നിടത്തു തന്നെ മൂത്രമൊഴിക്കുന്ന എന്നോടോ ബാലാ?’ എന്ന ഭാവത്തിൽ അയാൾ ആ പൊറോട്ടയും ബീഫും ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു. അപ്പോഴാണു അയാളുടെ പഴയകാല സുഹൃത്ത് അവിടേക്ക് കടന്നു വന്നതു. പൊറോട്ടയും ബീഫും കുത്തിനിറച്ച വായിൽ നിന്നും വർത്തമാനം പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണു ഈ ഭൂതത്തിന്റെ വരവ്.

“എന്നാലും, നീ ഈ എഞ്ചിനീറിങ്ങ് കഴിഞ്ഞു ഇങ്ങനെ ഒരു ജോലി തിരഞ്ഞെടുത്തതു ശരിയായില്ല എന്നേ ഞാൻ പറയൂ.“ സുഹൃത്ത് പറഞ്ഞു.

”എടാ, പണ്ടത്തെ പോലെ ഒന്നുമല്ലാ. പണ്ടായിരുന്നെങ്കിൽ ഒരു കല്ലെടുത്തെറിഞ്ഞാൽ ഒരു പട്ടിയ്ക്കെങ്കിലും കൊണ്ടിട്ടേ ഒരു എഞ്ചിനീയറിനു കൊള്ളുവായിരുന്നുള്ളു. ഇന്നു അങ്ങനെയല്ലാ, ഇന്നു വല്ല പട്ടിയ്ക്കെങ്ങാനും കൊണ്ടാലെ, മേനകാ ഗാന്ധി വരും ചോദിക്കാൻ. നമ്മുക്കു വേണ്ടി ചോദിക്കാൻ ഒരു രാഹുൽ ഗാന്ധി പോലും വരില്ല.“

”ഹ ഹ..അതൊക്കെ പോട്ടെ നീ ഇപ്പോൾ കഥയും കവിതയും ഒന്നും എഴുതാറില്ലേ? ഒന്നും കാണാനില്ലാ ഇപ്പോൾ.“

”സമയമില്ലാ, അതാണു പ്രധാന പ്രശ്നം. മാത്രമല്ല ഇപ്പോ ആരാ കഥയും കവിതയുമൊക്കെ വായിച്ചു ഇരിക്കുന്നെ? എല്ലാർക്കും എപ്പോഴും എന്തെങ്കിലും ബഹളം ഉണ്ടാക്കിക്കൊണ്ടിരിക്കെണം. പണ്ടൊക്കെ രണ്ടാൾക്കാർ തമ്മിൽ ഒരു വഴക്ക് ഉണ്ടാവണമെങ്കിൽ അവർ തമ്മിൽ മുള്ളിത്തെറിച്ചൊരു ബന്ധമെങ്കിലും കാണുമായിരുന്നു. ഇപ്പോ അതൊന്നും വേണ്ടാ. എന്തെങ്കിലും ഒരു അഭിപ്രായം ചുമ്മതങ്ങ് പറഞ്ഞേച്ചാ മതി, ഏതവനൊക്കെയാണു വന്നു തന്ത്യ്ക്കു വിളിക്കുന്നതെന്നു യാതൊരു പിടിയും കിട്ടില്ല. എന്തിനു, ഈ തന്തയ്ക്ക് വിളിക്കുന്നവരുടെ കൂട്ടത്തിൽ സ്വന്തം തന്തയുണ്ടോ എന്നു പോലും അറിയാൻ പറ്റില്ല.തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കാണു. ആൾക്കാർ തമ്മിൽ ഇങ്ങനെ വിദ്വേഷം കാണിച്ചോണ്ടിരുന്നാൽ ഇവിടെ എങ്ങനെ സമാധാനം ഉണ്ടാവും? ഇങ്ങനെ പലവിധത്തിൽ ഉള്ള കലഹങ്ങൾ നടക്കുമ്പോൾ നമ്മുടെ കഥയൊക്കെ ആരു വായിക്കാനാ. അതു കൊണ്ട് എല്ലാം നിർത്തി.“

സുഹൃത്ത് അയാളെ ദയനീയമായി ഒന്നു നോക്കി, ” നീ ഈ സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു കുറയ്ക്കണം.“

”പ്ഭ…അതു പറയാൻ നീ ആരാടാ..“ അയാൾ തന്റെ ശ്രേഷ്ഠഭാഷാജ്ഞാനം സുഹൃത്തിനു മുന്നിലും തുറന്നു.

അന്നു രാത്രിയും പതിവു പോലെ അയാൾ, തന്റെ ഫോൺ മൃതപ്രായനാകുന്നതു വരെ ഫെയ്സ്ബുക്കിലിരുന്നു. ഒടുവിൽ ഫോൺ ചാർജിൽ ഇട്ടു, കിടന്നു കൊണ്ട് അയാൾ പറഞ്ഞു, ”ഇവിടെ ആകെ മൊത്തം പ്രശ്നമാണു.“

 

എന്നത്തേയും പോലെ അമ്മയല്ല, ഇന്നു അസഹ്യമായ ചൂടാണു അയാളെ വിളിച്ചുണർത്തിയതു. സമയം എട്ട് മണി ആയിരിക്കുന്നു. സവാരി മുടങ്ങി. കറണ്ടില്ല. ഫോൺ ഓണാവുന്നുമില്ല. ഇന്നിനി ഓഫീസിൽ പോകണ്ട എന്നു തീരുമാനിച്ച് അയാൾ പ്രഭാതകർമ്മങ്ങളും പ്രാതലുമൊക്കെ കഴിഞ്ഞു തിരിച്ചു മുറിയിലേക്ക് കയറി. എന്തു ചെയ്യാൻ? നടിയെ തെറി പറയണമെങ്കിലും ഫോണിൽ ചാർജ്ജ് വേണ്ടേ. ആ ജോലി വേറെ ആരെങ്കിലും കൊണ്ട് പോവും ഇന്നു. ഒരു പാട്ട് പോലും കേൾക്കാൻ പറ്റാത്ത അവസ്ഥ. പണ്ടെപ്പോഴോ തന്നിലെ എഴുത്തുകാരനെ ഉണർത്താൻ അയാൾ വാങ്ങിയ എം.ടി-യുടെ പുസ്തകം അയാളുടെ കണ്ണിൽ പെട്ടു. അതിലെ പൊടിയെല്ലാം തട്ടി കളഞ്ഞുകൊണ്ടിരുന്നപ്പോൾ, മുറിയ്ക്കു പുറത്തു നിന്നും റേഡിയോയുടെ ഞരങ്ങൽ കേട്ടു. എഞ്ചിനീയറിങ്ങിനു പോകാത്ത അച്ഛൻ ഒരു സ്ക്രൂ ഡ്രൈവർ കൊണ്ട് റേഡിയോ ശരിയാക്കിയിരിക്കുന്നു. ശരിയായ സന്തോഷത്തിൽ അതു പാടാനും തുടങ്ങിയിരിക്കുന്നു.

ചന്ദ്രികപൊയ്കതൻ താഴികകുടം ചാർത്തുന്ന ഗന്ധർവരാജാംഗണത്തിൽ

അപ്സര കന്യകൾ പെറ്റുവളർത്തുന്ന

ചിത്രശലഭങ്ങൾ നിങ്ങൾ…

എം.ടി-യുടെ പുസ്തകവുമായി അയാൾ സിറ്റൗട്ടിലെ ചാരുകസേരിയിൽ ഇരുന്നു. കറണ്ട് വന്നതും, ഫോൺ ഫുൾ ചാർജ്ജ് ആയതും, സൈറ്റ് അടിച്ച് ഒരു പെൺകുട്ടി പ്രശസ്തയായതും ഒന്നും അയാൾ അറിഞ്ഞില്ല. പുസ്തകം വായിച്ചു തീർത്തപ്പോൾ അനുഭവപ്പെട്ട നിർവൃതി, അയാളിലെ എഴുത്തുകാരനെ നാളുകൾക്കു ശേഷം ഉണർത്തി. പേനയും പേപ്പറും എടുത്തു അയാൾ ഇരുന്നു, വീണ്ടും ഒരു കഥയെഴുതാൻ.. ഒരു പുതിയ കഥ.

 

 

4 thoughts on “ഒരു പുതിയ കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s