ജീവിതത്തിലെ ഒരു വലിയ സത്യത്തെ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു ഇന്നു. ശാന്തിഗിരിയിൽ ജോലി ചെയ്യുന്ന അച്ഛനു കാലു വയ്യാത്തതിനെ തുടർന്നു ഇന്നു ഞാൻ കാറിൽ കൊണ്ടാക്കി. സമയം ഒരുപാട് ബാക്കിയുണ്ടായിരുന്നതു കൊണ്ട് ഞാൻ ആശ്രമ പരിസരത്തു ഒക്കെ ചുറ്റി നടന്നു.
അപ്പൊഴാണു അവിടെ ജോലി ചെയ്യുന്ന ഒരു ചേട്ടനെ എനിക്കു പരിചയപ്പെടാന്നൊത്തതു. പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലേഖനം ഞാൻ അദ്ദേഹത്തിന്റെ അനുവാദത്തോടെ എഴുതുന്ന ഒന്നല്ല.
ഒരു ധനിക കുടുംബത്തിൽ ജനിച്ചു ഊട്ടിയിലെ വല്യ സ്കൂളിൽ പഠനം പൂർത്തിയാക്കി, അതിനു ശേഷം MBA എടുക്കകയും, തുടർന്നു 6 അക്ക സംഖ്യ ശമ്പളം ഉള്ള ഒരു ജോലിയും നേടിയെടുത്തിരുന്ന ഇദ്ദേഹം ഇന്നു ആശ്രമത്തിലെ ശൗചാലയങ്ങൾ വൃത്തിയാക്കുന്നു. ആ ചേട്ടനുമായി കുറേ നേരം സംസാരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു.
“ ഇപ്പൊ ഞാൻ ഇവിടെ ശൗചാലയങ്ങൾ കഴുകാറുണ്ട്. എന്റെ പഴയ പ്രൊഫൈൽ അല്ല എനിക്കിപ്പോൾ ഇവിടെ ഉള്ളതു. ഒരു തരത്തിൽ പറഞ്ഞാൽ എനിക്കിപ്പോൾ ഒരു പ്രോഫൈലും ഇല്ല. ഇവിടെ എനിക്കു ഇഷ്ടമുള്ള ജോലി ചെയ്യാം. നമ്മുടെ പ്രൊഫൈൽ നമ്മുടെ ഉള്ളിൽ നിന്നു തന്നെ മായ്ച്ചു കളഞ്ഞാൽ പിന്നെ ഒന്നിനും നമ്മളെ വേദനിപ്പിക്കാൻ കഴിയില്ല. അതു കൊണ്ട് തന്നെ സന്തോഷം എന്താണു എന്നു ഇന്നു ഞാൻ അറിയുന്നു.”
ഞാൻ എന്ന ഭാവം ഉപേക്ഷിക്കുന്നിടത്തു സമാധാനവും സന്തോഷവും തുടങ്ങുന്നു എന്നു ഇദ്ദേഹം സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുന്നു.